തിരുവനന്തപുരം പേരൂർക്കടയിൽ അമ്മക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനത്തിന് മറുപടി നൽകി ആരോഗ്യ മന്തി വീണ ജോർജ്. ആറ് മാസം മുമ്പ് കുഞ്ഞിനെ കാണാതായതായി അനുപമ പരാതി നൽകിയപ്പോൾ വീണ ജോർജ് എവിടെയായിരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ആറ് മാസം മുമ്പ് താൻ സ്വന്തം മണ്ഡലത്തിലായിരുന്നുവെന്നും എംഎ‍ൽഎ ആയിരുന്നു എന്നുമാണ് വീണാ ജോർജ് നൽകിയ മറുപടി. അനുപമയുടെ പ്രശ്നം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇടപെട്ട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അമ്മ അറിയാതെ കുഞ്ഞിനെ വേർപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനും ശിശുക്ഷേമ സമിതിക്കും എതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ രംഗത്ത് വന്നിരുന്നു. 'ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്. അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് വലിയ തെറ്റാണ്. കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്.

പൊലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ അമ്മ ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവർ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാൻ ഒന്നും ചെയ്തില്ല. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലർത്താൻ വരട്ടെ. ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണം.' എന്നും വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് വീണ ജോർജിന്റെ പ്രതികരണം.