അങ്കമാലി: കാലടി സെന്റ് ജോർജ് പള്ളിമുറ്റത്ത് പച്ചക്കറി കിറ്റും, ചക്കയും, മാങ്ങയും, കപ്പയുമെല്ലാം ഒരുമിച്ചു നിരത്തിയപ്പോൾ വിൽപ്പനയ്ക്കായിരിക്കുമെന്നാണ് കാഴ്ച ക്കാർ ആദ്യം കരുതിയത്. പിന്നാലെ പള്ളി ഗേറ്റിൽ ഒരു അറിയിപ്പ് പ്രത്യക്ഷപെട്ടതോടെയാണ് വില കൊടുത്തു വാങ്ങിയാലോ എന്നാലോചിച്ച് നിന്നവർക്ക് കാര്യം പിടികിട്ടിയത്.

ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാം എന്നായിരുന്നു അറിയിപ്പിന്റെ സാരം. കോവിഡ് കാലത്ത് പള്ളിയുടെ കരുതലായിരുന്നു ഇതെന്ന് അപ്പോഴാണ് ഇവരിൽ പലർക്കും ബോദ്ധ്യപ്പെട്ടത്. കാലടി പള്ളി വികാരി ഫാ. ജോൺ പുതുവയുടെ നേതൃത്വത്തിലാണ് പള്ളിയിൽ ഉണ്ടായ ഫലങ്ങളും, പച്ചക്കറിയുമെല്ലാം ദുരിതം അനുഭിക്കുന്ന വർക്കായി സമർപ്പിച്ചത്.

രാവിലെ തന്ന പള്ളി വികാരിയും കമ്മി യംഗങ്ങളും സഹായിയകളും ചേർന്ന് വിളവെടുത്ത ഉൽപ്പന്നങ്ങൾ പള്ളിയുടെ ഗേറ്റിന് മുൻപിൽ കൊണ്ടു വയ്ക്കുകയായിരുന്നു. തുടർന്ന് അച്ചനും ഭാരവാഹികളും പള്ളിയിലേക്ക് മടങ്ങി. പിന്നാലെ ആവശ്യക്കാർ ഓരോരുത്തരായി എത്തി ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോയി.

ലോക്ഡൗൺ മൂലം ജോലി ഇല്ലാതിരുന്ന സാധാരണക്കാർക്ക് ഇതൊരു ആശ്വാസമായി മാറുകയും ചെയ്തു. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് അക്ഷയ പത്രം എന്ന പേരിൽ ഇത്തരത്തിൽ പള്ളി ഭക്ഷ്യവസ്ത്തുക്കൾ നൽകിയിരുന്നു. ഇതിനു പുറമെ മറ്റ് നിരവധി കാരുണ്യ പ്രവർത്തികളും ഫാ: ജോൺ പുതുവയുടെ നേതൃത്വത്തിൽ പള്ളി നടത്തിവരുന്നുണ്ട്.