കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ 'വെള്ളം' ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിർമ്മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നൽകിയ പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലൂടെ സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ജയസൂര്യ നായകനായി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ ചോർന്നത്. അനധികൃതമായി ചിത്രം ചോർത്തി പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 6) കൊച്ചി കലൂരുള്ള ഒരു സ്ഥാപനത്തിൽ ചിത്രം ഡൗൺലോഡ് ചെയ്തു പ്രദർശിപ്പിച്ചതായി കണ്ടെത്തി. ഇതിന്റെ വീഡിയോ സഹിതം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിർമ്മാതാക്കൾ പരാതി നൽകി.

ഫ്രണ്ട്ലി പ്രോഡക്ഷൻസിന്റ ബംനറിൽ ജോസ്‌ക്കുട്ടി മഠത്തിൽ, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമ്മിച്ചത്. കോവിഡിൽ തകർന്ന സിനിമാ വ്യവസായം തിരികെ വരാൻ ഏറെ നഷ്ട്ടങ്ങൾ സഹിച്ചു തീയറ്ററിൽ എത്തിച്ച ചിത്രമാണ് 'വെള്ളം '. നിലവിൽ 180 ലേറെ തീയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോളാണ് ഇത്തരത്തിൽ ഒരു തിരിച്ചടി നേരിടേണ്ടി വന്നത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങൾ ചോർത്തുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.