വെള്ളം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജയസൂര്യയുടെ പുതിയ സിനിമയാണ് വെള്ളം. ജയസൂര്യയുടെ ഞെട്ടിക്കും പ്രകടനമാണ് ട്രെയിലറിൽ കാണാനാകുക. പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കും വിധമാണ് താരത്തിന്റെ അഭിനയം. 'ക്യാപ്റ്റൻ' സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ - ജയസൂര്യ കുട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്യുന്നത്.

മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് ‘വെള്ളം'. ഫ്രണ്ട്‍ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.