തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസം മഴ പെയ്തില്ലെങ്കിൽ അത് എൽഡിഎഫ് സർക്കാർ കാരണമാണെന്ന് പത്രസമ്മേളനം നടത്തി പറയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വെഞ്ഞാറമൂട് കൊലപാതകത്തിൽ മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന്ഡി വൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. എസ്ഡിപിഐയാണെന്ന് കൊലപാതകം നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിലെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ സിപിഎം-ഡിവൈഎഫ്‌ഐ വിരുദ്ധതയുടെ തുടർച്ചയാണ് താഴെത്തട്ടിൽ നടക്കുന്ന ആക്രമണം. കൊലപാതകത്തിൽ ഉന്നതതല ബന്ധമുണ്ട്. കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനത്തിനിടെ ഒരു മനുഷ്യൻ കൊല്ലപ്പെടുന്നുണ്ടെങ്കിൽ അത് സിയാദാണ്. ലോകത്ത് ഒന്നിലേറെ പേർ ഒരേ സമയം കൊല്ലപ്പെടുന്നുണ്ടെങ്കിൽ അത് വെഞ്ഞാറമൂടിലാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്ത്സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇനിയും വേട്ടയാടപ്പെടും. അതിനുള്ള പദ്ധതി എതിരാളികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ ശ്രദ്ധിച്ച് വിവേകത്തോടെ ഇടപെടുന്നുണ്ട്. പ്രകോപനം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോളത്തെ സ്വസ്ഥമായ അന്തരീക്ഷം തുടർന്നാൽ കേരളത്തിൽ ഇടതുപക്ഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നക്കം കടക്കും. അതില്ലാതാക്കാനാണ് ഇപ്പോൾ എതിരാളികൾ നടത്തുന്ന ശ്രമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വലിയ സംഘർഷങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിന്. അതിന് വേണ്ടിയാണ് ആക്രമണം നടത്തുന്നത്. കൊലപാതകത്തിന് പിന്നിൽ ഉന്നതതല ബന്ധമുണ്ട്. അതിനുള്ള ഉദാഹരണമാണ് കോൺഗ്രസിലെ നേതാക്കൾ ഓരോ തരം പ്രസ്താവന ഇറക്കുന്നത്. കൊലപാതകം നടത്തിയത് എസ്ഡിപിഐയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിൽക്കുന്ന ആൾ ഒരു കാര്യം പറയുമ്പോൾ അതിന് വ്യക്തമായ തെളിവ് വേണം. കേസിൽ പിടിക്കപ്പെട്ടത് യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി സജിത്താണ്. നേരത്തെ ഒളിവിൽ പോകുകയും ഇപ്പോൾ പിടിക്കപ്പെടുകയും ചെയ്ത പ്രതി ഐഎൻടിസിയുടെ പ്രധാന നേതാവാണ്. വ്യക്തിപരമായ സംഘർഷമാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രാഷ്ട്രീയ സംഘർഷമാണെന്ന് പറയുന്നു. മൂന്ന് മാസം മുമ്പ് നടന്നതും രാഷ്ട്രീയ സംഘർഷമാണെന്ന് ഇവർ പറയുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന് ഇതെല്ലാം രാഷ്ട്രീയ പ്രശ്‌നമല്ല. മുൻ കെപിസിസി പ്രസിഡന്റ് ഇരട്ട കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യപ്രവർത്തകരാണെന്നാണ് ആ പോസ്റ്റിൽ പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ ക്രിമിനലുകളെന്ന് പറഞ്ഞവരെ വി എം സുധീകരൻ നാട് സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രവർത്തകരാണെന്ന് പറയുന്നു. ഇതിൽ കോൺഗ്രസിന് യോജിച്ച അഭിപ്രായം ഇല്ലെന്ന് വ്യക്തമാകും.

കൊല്ലപ്പെടുന്നവരുടെ പേര് നോക്കി പ്രതികരിക്കുന്ന രീതിയാണ് എസ്ഡിപിഐ സ്വീകരിക്കാറുള്ളത്. വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ടവരുടെ പേര് അവർക്ക് താൽപര്യമുള്ളതാണ്. എന്നിട്ടും എസ്ഡിപിഐയും മിണ്ടുന്നില്ല. 2016ൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തവർ പോലും ഇപ്പോൾ ഇടതു സർക്കാരിനൊപ്പം നിൽക്കുന്നു. അത് തകർക്കുന്നതിനായി കുറെ അസംബന്ധപ്രചരണങ്ങളും നടത്തിയെങ്കിലും ഏശിയില്ല.

 നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും ബൂമറാങ്ങ് ആയി തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവിനെതിരെ സ്വന്തം പാർട്ടിയിൽ തന്നെ കടുത്ത അതൃപ്തിയുണ്ടായി. ഈ പ്രതിപക്ഷ നേതാവിനെ വച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്ന സാഹചര്യം കോൺഗ്രസിലുണ്ട്. കോൺഗ്രസിന്റെ ദേശീയ നേതൃസ്ഥാനം ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. അതിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗത്തിന് പാർട്ടിയുടെ ഭാവിയെന്താണെന്ന ആശങ്ക ഉണ്ടാകുന്നു. അയോധ്യ വിഷയത്തിൽ എടുത്ത മൃദു ഹിന്ദുത്വ നിലപാട് കടുത്ത നിരാശ പ്രവർത്തകരിലുണ്ടാക്കുന്നു. ഇങ്ങനെ കടുത്ത ആഭ്യന്തര പ്രശ്‌നങ്ങളിലാണ് കോൺഗ്രസ്.