തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ചുമതലയിൽനിന്ന് ഡോ. വി. വേണുവിനെ മാറ്റിയതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസുമായുള്ള ഭിന്നതയെന്ന് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി വേണു തുടരും. ടൂറിസം വകുപ്പിൽ നിന്ന് മാറ്റുകയായിരുന്നു. എസ്. ശ്രീനിവാസനാണ് പുതിയ വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി. മന്ത്രി മുഹമ്മദ് റിയാസിന്റെ പല പദ്ധതികളേയും സെക്രട്ടറിയെന്ന നിലയിൽ വേണു ചോദ്യം ചെയ്തിരുന്നതായാണ് സൂചന. ഇതാണ് അപ്രതീക്ഷിത മാറ്റത്തിന് കാരണം.

ഇടതുപക്ഷവുമായി ചേർന്നായിരുന്നു വേണു പ്രവർത്തിച്ചു പോന്നത്. പല വിവാദങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി നിലയുറപ്പിക്കുകയും ചെയ്തു. രണ്ടാം മന്ത്രിസഭയിൽ മന്ത്രിയായി മുഹമ്മദ് റിയാസ് എത്തി. പല അതിവേഗ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. എന്നാൽ ഇതിൽ പലതിനോടും യോജിക്കാൻ വേണുവിനായില്ല. ഈ ഭിന്നതകളാണ് വേണുവിന് ടൂറിസം വകുപ്പ് നഷ്ടമാകാൻ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐഎഎസുകാരിൽ ഒരാളാണ് വേണു. വിനോദ സഞ്ചാര രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ള ഒരാൾ. അങ്ങനെയൊരു വ്യക്തിക്കാണ് സ്ഥാന ചലനമുണ്ടാകുന്നത്.

കേരളാ ടൂറിസത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് വേണു. കേരളത്തിന് പുറത്ത് നിരവധി റോഡ് ഷോകൾ നടത്തിയ ഐഎഎസുകാരൻ. കോവിഡാനന്തര ടൂറിസത്തിന്റെ സാധ്യതകളും ചർച്ചയാക്കി. എന്നാൽ മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന പല പ്രഖ്യാപനങ്ങൾക്കും വ്യക്തമായ പദ്ധതിയുടെ പിൻബലമില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനാണ് വേണു. അങ്ങനെ തുടങ്ങിയ ഭിന്നത പല ചർച്ചകളിലും പ്രശ്‌നമായി മാറി. ഈ സാഹചര്യത്തിലാണ് വേണുവിനെ മാറ്റുന്നത്.

നേരത്തെ റീബിൽഡ് കേരള ഇനീഷിയേറ്റീവ് സി ഇ ഒ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഡോക്ടർ വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത് വലിയ ചർച്ചയായിരുന്നു. സർവ്വേ ഡയറക്ടറായ പ്രേംമിനെ തന്റെ അനുമതയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറിയുമായി വി വേണു ഇടഞ്ഞിരുന്നു. റീബിൽഡ് കേരള ഇനീഷിയേറ്റീവ് സിഇഒ സ്ഥാനത്ത് നിന്ന് ഡോക്ടർ വി വേണുവിനെ മാറ്റി ധനകാര്യ വകുപ്പ് സെക്രട്ടറിയായ രാജേഷ് കുമാർ സിംഗിന് പകരം ചുമതല നൽകിയിരുന്നു. റീബിൽഡ് കേരളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടെയായിരുന്നു സ്ഥാനമാറ്റം

പ്രളയപുനർനിർമ്മാണത്തിനായി കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റീവ്. റവന്യു സെക്രട്ടറിയായ വേണുവിനായിരുന്നു തുടക്കം മുതൽ തന്നെ റീബിൽഡ് കേരളയുടെ മേധാവി സ്ഥാനം. സെക്രട്ടറിയേറ്റിന് പുറത്ത് വൻതുക മുടക്കി പ്രത്യേക ഓഫീസെടുത്തത് അടക്കം പല തീരുമാനങ്ങളും വിവാദമായി. ലോകബാങ്ക് 1780 കോടി അനുവദിച്ചു, എന്നാൽ ഒരു പൈസ പോലും റീബിൽഡ് കേരളയ്ക്ക് കിട്ടിയില്ല. തുക ധനവകുപ്പ് വകമാറ്റി ചെലവഴിച്ചതിൽ വേണു പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞബജറ്റിൽ 1000 കോടി രൂപ റീബിൽഡിനായി വകയിരുത്തിയെങ്കിലും ഒന്നും നടന്നില്ല. പുനർനിർമ്മാണപദ്ധതികൾ എങ്ങുമെത്താത്തതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തിയിലാണ്.

ഇതിനിടെയാണ് സർവേ ഡയറക്ടറുടെ മാറ്റവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുമായുണ്ടായ തർക്കം. സർവ്വേ ഡയറക്ടറെ മാറ്റാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ രംഗത്തെത്തിയത് ഏറെ ചർച്ചയായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച ഡോ വേണു അവധിയിൽ പോയിരുന്നു. സർക്കാരുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥരിൽ ഒരാളായ വേണുവിന്റെ സ്ഥാനചലനം അന്ന് ഏറെ ചർച്ചയായിരുന്നു. അതിന് ശേഷം പിണറായി സർക്കാരുമായി ചേർന്ന് നിന്നായിരുന്നു വേണു പ്രവർത്തിച്ചത്. ഇതേ തുടർന്നാണ് വിദ്യാഭ്യാസവും ടൂറിസവും അടക്കമുള്ള വകുപ്പുകൾ വേണുവിന് നൽകിയത്.

മന്ത്രിയെന്ന നിലയിൽ റിയാസിന് പരിചയക്കുറവുണ്ട്. ഈ സാഹചര്യത്തിൽ ടൂറിസത്തിൽ വേണുവിനെ പോലൊരു ഉദ്യോഗസ്ഥൻ ഉണ്ടാകുന്നത് നല്ലതാണെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രി എത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മരുമകനായ റിയാസിന് വേണുവിനോട് തുടക്കം മുതൽ താൽപ്പര്യക്കുറവുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.