ദോഹ: ഖത്തറിന്റെ വിഖ്യാത റാലി താരങ്ങളിലൊരാളായ ഷെയ്ഖ് ഹമദ് ബിൻ ഈദ് അൽതാനി മരണമടഞ്ഞു. ശനിയാഴ്ച ദുഃഖാനിലെ ഖത്തർ നാഷനൽ ബജ മത്സരം കണ്ടു കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുത്ത ശേഷം നാലാം റൗണ്ടിൽ നിന്ന് പിന്മാറിയിരുന്നു.

തുടർന്ന് മെയിന്റനൻസ് ഏരിയയിലേയ്ക്ക് മടങ്ങി സുഹൃത്തിന്റെ കാറിലിരുന്ന് തുടർ മത്സരം കാണുന്നതിനിടെ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ അടിയന്തര പരിചരണം നൽകിയ ശേഷം ക്യൂബൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ വ്യക്തമാക്കി.

ഖത്തറിലേയും ഗൾഫ് മേഖലയിലേയും വിഖ്യാത റാലി താരങ്ങളിൽ ഒരാളാണ് മരണമടഞ്ഞ ഷെയ്ഖ് ഹമദ്. ടി2 വിഭാഗത്തിലെ സഹാറ റാലി ചാംപ്യൻഷിപ്പ് ക്രോസ് കൺട്രി ലോകകപ്പ് ജേതാവായിരുന്നു. ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജുആൻ ബിൻ ഹമദ് അൽതാനി അനുശോചിച്ചു.