തിരുവനന്തപുരം: ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വെയിലി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 4നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. ശരത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടെയിന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്കും എത്തിയ തർക്കങ്ങൾ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പരിഹരിക്കപ്പെടുകയായിരുന്നു.

ഷാസ് മുഹമ്മദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന 'വെയിലി'ന് സംഗീതം പകരുന്നത് പ്രദീപ് കുമാർ ആണ്. എഡിറ്റിങ് പ്രവീൺ പ്രഭാകർ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി.

അതേസമയം, ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ബർമുട എന്ന ചിത്രത്തിൽ ഷൈൻ നിഗമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന വേഷം ചെയ്യുന്നുണ്ട്.