തിരുവനന്തപുരം: ഇന്ത്യൻ നാവികസേനയുടെ തലവനായി ഒരു മലയാളി. നാവികസേനയുടെ ഇരുപത്തിയഞ്ചാമത്തെ തലവനായി ആർ ഹരികുമാർ ചുമതലയേൽക്കുകയാണ്. നവംബർ 30 ന് നിലവിലെ നാവിക സേന മേധാവി കരംബീർ സിങ് സ്ഥാനമൊഴിഞ്ഞാലുടൻ ഹരികുമാർ ചുമതലയേൽക്കും.

1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. തിരുവനന്തപുരത്ത് മന്നം മെമോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്‌സ് കോളേജിൽ പഠനം. 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിലേക്ക് ചുവടുമാറുന്നത്. പഠനത്തിനുശേഷം 1983 ൽ എക്‌സിക്യൂട്ടീവ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇതിനിടെ തന്നെ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ നേവൽ വാർ കോളേജിലും ലണ്ടനിലെ കിങ്‌സ് കോളേജിലുമായി ഉപരിപഠനം പൂർത്തിയാക്കി.

21 മത്തെ വയസ്സിൽ നാവികസേനയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഈ തിരുവനന്തപുരത്തുകാരനെ തേടി നിരവധി പദവികൾ എത്തി. ഐഎൻഎസ് വിരാട് എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുപുറമേ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് രൺവീർ, ഐഎൻഎസ് കോറ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ തലവനുമായിരുന്നു അദ്ദേഹം.

ആഫ്രിക്കൻ രാജ്യമായ സെയ്‌ച്ചെല്ലേസിലെ നാവിക സേന ഉപദേഷ്ടാവ്, ഐഎൻഎസ് ദ്രോണാചാര്യയിൽ ട്രെയിനിങ് കമാൻഡ്, വെസ്റ്റേൺ നാവികസേനാ ആസ്ഥാനത്തെ കമാൻഡ് ഗണ്ണറി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1992 ഡിസംബർ മുതൽ 1993 ജൂൺ മാസം വരെ സൊമാലിയയിൽ ഐക്യരാഷ്ട്രസഭയുടെ സിവിൽ മിലിറ്ററി ഓപ്പറേഷനുകളിൽ ഭാഗമായിരുന്നു.

കേരളത്തിൽ വേരുകൾ ഉണ്ടായിരുന്ന കന്യാകുമാരി നെയ്യൂർ സ്വദേശി സുശീൽ കുമാർ മുൻപ് നാവികസേന മേധാവിയായിരുന്നു. എങ്കിലും കേരളക്കരയിൽ നിന്ന് തന്നെയുള്ള മലയാളി ഈ അത്യുന്നത പദവിയിലേക്ക് എത്തുന്നത് ഇതാദ്യമാണ്. നിലവിൽ വെസ്റ്റേൺ നാവിക കമാൻഡ് ഇൻ ചീഫ് പദവി അലങ്കരിക്കുകയാണ് ഹരികുമാർ.

മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. പരം വിശിഷ്ഠ സേവാ മെഡൽ , അതി വിശിഷ്ഠ സേവാ മെഡൽ, വിശിഷ്ഠ സേവാമെഡൽ തുടങ്ങി നിരവധി ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.