കൊച്ചി: നാളികേര വികസന ബോർഡ് പുതിയ വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള കേര കർഷക പ്രതിനിധി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ്. നാളികേര വികസന ബോർഡ് അംഗമായിരിക്കെയാണ് വൈസ് ചെയർമാനായത്.

നാളികേര കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാളികേര വികസന ബോർഡ്. കൃഷിക്ക് സബ്സിഡി, കേടായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ധനസഹായം തുടങ്ങിയവ ഈ സ്ഥാപനം കർഷകർക്ക് നൽകുന്ന സഹായങ്ങളിൽ ചിലതാണ്.

മലപ്പുറം ഒഴൂർ സ്വദേശിയായ നാരായണൻ മാസ്റ്റർ നാളികേര കൃഷിയിലും അനുബന്ധമേഖലകളിലും അനുഭവ സമ്പന്നനാണ്. ഒഴൂർ എഎംയുപി സ്‌കൂൾ പ്രധാന അദ്ധ്യാപകനായി വിരമിച്ചു. രണ്ട് തവണ ഒഴൂർ ഗ്രാമപഞ്ചായത്ത് അംഗവും പ്രതിപക്ഷ നേതാവുമായിരുന്നു. രണ്ട് തവണ ബിജെപി ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന സമിതി അംഗവുമാണ്. ഭാര്യ ഷീബ (അദ്ധ്യാപിക). മക്കൾ: ഡോ. വിവേക്, ഡോ. ആതിര.