മെൽബണിലെ കോവിഡ് വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഒരാഴ്‌ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനം.വ്യാഴാഴ്ച അർദ്ധരാത്രി (നാളെ) മുതൽ അടുത്ത വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.

അവശ്യ സാധനങ്ങൾ വാങ്ങാൻ, വ്യായാമത്തിന്, ആരോഗ്യ പരിപാലനത്തിന്
വാക്സിനേഷൻ സ്വീകരിക്കാൻ,അനുവദനീയമായ ജോലിക്കും പഠനത്തിനും പുറത്തിറങ്ങാം.നിലവിൽ വ്യായാമത്തിനും അവശ്യ സാധനങ്ങൾ വാങ്ങാനും അഞ്ച് കിലോമീറ്റർ പരിധി ബാധകമായിരുന്നു. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഈ കാരണങ്ങൾക്കായി പത്ത് കിലോമീറ്റർ വരെ സഞ്ചരിക്കാം.

11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തിരികെ സ്‌കൂളുകളിലേക്ക് മടങ്ങാം.
കൂടാതെ, ലാന്ഡ്‌സ്‌കെപിങ്, പെയിന്റിങ്, സോളാർ പാനൽ സ്ഥാപിക്കാൻ, ലെറ്റർ ബോക്‌സുകൾ സ്ഥാപിക്കാൻ തുടങ്ങിയവയും അനുവദനീയമായ ജോലികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് നിർബന്ധമായി തുടരും.എന്നാൽ വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചട്ടുണ്ട്.അഞ്ച് കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിയന്ത്രണം എടുത്തുമാറ്റി. എന്നാൽ അനുവദനീയമായ സാഹചര്യത്തിൽ മാത്രമേ മെൽബണിലേക്ക് യാത്ര ചെയ്യാൻ പാടുള്ളു.

പത്ത് പേർക്ക് പുറത്തു ഒത്തുചേരാം. രണ്ട് പേർ എന്ന നിയന്ത്രണം നീക്കം ചെയ്യും. റീറ്റെയ്ൽ സ്റ്റോറുകൾ തുറക്കാം. ആരാധനാലയങ്ങളിൽ 50 പേർക്ക് വരെ ഒത്തുചേരാം.വിവാഹങ്ങൾക്ക് പത്ത് പേർക്കും, മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്കും പങ്കെടുക്കാം. വായനശാലകൾ തുറക്കാം എന്നാൽ 50 പേർ എന്ന പരിധി ബാധകമാണ്.

സംസ്ഥാനത്ത് ആറ് പുതിയ വൈറസ് ബാധയാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സജ്ജീവമായ വൈറസ് ബാധയുടെ എണ്ണം 60 ആയി.51,000 പരിശോധനകൾ നടത്തിയതിന്റെ ഫലമായാണ് ആറ് പുതിയ കേസുകൾ.