യുണൈറ്റഡ് നേഷൻസ്: വിയറ്റ്‌നാമിൽ അടുത്തിടെ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലടക്കം സ്ഥിരീകരിച്ച ഡെൽറ്റ വകഭേദത്തിന്റെ (B.1.617) ഭാഗമാണിതെന്നും വിയറ്റ്‌നാമിലെ ണഒഛ പ്രതിനിധി കിഡോങ് പാർക്ക് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്‌നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ല. അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിത്. ഇതിൽ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും കിഡോങ് പാർക്ക് നിക്കി ഏഷ്യയ്ക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ വ്യക്തമാക്കി.

രാജ്യത്ത് കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഡെൽറ്റയുടേയും യുകെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്‌നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇത് വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുമെന്നും വിയ്റ്റാനം മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് ഒന്നാംതരംഗത്തെ വിജയകരമായി അതിജീവിച്ച രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം. എന്നാൽ കോവിഡ് രണ്ടാംതരംഗത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ വിയറ്റ്‌നാമിൽ പുതിയ കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 241 പേർക്ക് വിയറ്റ്‌നാമിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.