തിരുവനന്തപുരം: കെ.എസ്.ആർ.ടിസി.-യുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് സസ്‌പെൻഷനിലായ കെ.എസ്.ആർ.ടി.സി. സിവിൽ വിഭാഗം മേധാവി ചീഫ് എഞ്ചിനീയർ ആർ. ഇന്ദുവിനെതിരെ വിജിലൻസ് അന്വേഷണം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.

കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്‌മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടി.

കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിർമ്മാണത്തിലെ ക്രമക്കേട് മൂലം 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച കെഎസ്ആർടിസി ചീഫ് എൻജിനീയർ ആർ ഇന്ദുവിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കുകയും ഇന്ദുവിൽനിന്ന് നഷ്ടം നികത്തണമെന്നുമായിരുന്നു റിപ്പോർട്ടിലെ നിർദ്ദേശം.

അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് ചീഫ് എഞ്ചിനീയർ തുക അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം നിർമ്മിച്ചതിലൂടെ 1.39 കോടി രൂപ സർക്കാരിനു നഷ്ടമുണ്ടായി. കരാറുകാരന് തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമ്മാണ കാലാവധി കൂടി നീട്ടിനൽകിയായിരുന്നു ക്രമക്കേട്. ആറുമാസത്തിൽ നിന്ന് 11 മാസമായി ആയിരുന്നു നിർമ്മാണ കാലാവധി കൂട്ടി നൽകിയത്. മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു.

കണ്ണൂർ ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് മുറിയും നിർമ്മിച്ച കരാറുകാരനെ സഹായിക്കാനായി ഹൈക്കോടതി സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകി. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരേജും നിർമ്മിക്കാൻ കരാറുകാർക്ക് അനുകൂല നിലപാടെടുത്തു. പിഡബ്ല്യുഡി, കെഎസ്ആർടിസി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെൻഡറിൽ പങ്കെടുക്കാൻ എന്നിങ്ങനെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് ആർ ഇന്ദുവിനെതിരെ ഉന്നയിക്കപ്പെട്ടത്.