കോഴിക്കോട്: മാവൂരിലെ തകർന്ന കൂളിമാട് പാലം നാളെ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് പരിശോധിക്കും. ഡെപ്യൂട്ടി എൻജിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം മാവൂരിലെ കൂളിമാട് പാലം തകർന്ന സംഭവത്തിൽ പ്രധാനപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുസ്ലിംലീഗ് നേതാവ് എംകെ മുനീർ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എംകെമുനീർ ചോദിച്ചു. ശ്രദ്ധാപൂർവം ചെയ്യേണ്ട പ്രവൃത്തി ആയിരുന്നു ബീം ഉറപ്പിക്കൽ. ഇത് ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതാണ് അപകടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂർ കൂളിമാട് പാലത്തിന്റെ ബീമുകൾ ഇന്നലെ രാവിലെ 9 മണിയോടെയാണ് തകർന്നത്. ബീം ഉറപ്പിക്കാൻ ഉപയോഗിച്ച യന്ത്രം പണിമുടക്കിയതാണ് അപകടകാരണമെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. 25 കോടിയുടെ പാലം, നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.