കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഷാജിയെ ഇനിയും ചോദ്യം ചെയ്യുമെന്നാണറിയുന്നത്.

ഷാജി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസ് വീണ്ടും ചോദ്യം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിൽ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് വിജിലൻസ് സംശയിക്കുന്നത്.

ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. നവംബറിൽ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത്. നേരത്തേയും ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.