തിരുവനന്തപുരം: വെറുമൊരു യാദൃശ്ചിക സംഭവം. നഷ്ടപ്പെട്ടത് ഒരുയുവവ്യവസായിയുടെ ജീവൻ. വ്യക്തിവിരോധം ഒന്നുമില്ലായിരുന്നെങ്കിലും വഴിയിലുണ്ടായ തർക്കത്തെ ചൊല്ലി കത്തികൊണ്ടുകുത്തി കൊലപാതകം. കുത്തിയത് എസ് ആകൃതിയിലുള്ള കത്തി കൊണ്ടാണെന്നും അല്ലെന്നും പിന്നീട് വാദങ്ങൾ. 2009 ഓഗസ്റ്റ് 21ന് ആയിരുന്നു യുവ വ്യവസായി പോൾ എം ജോർജ് കൊല്ലപ്പെട്ടത്.ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രതികൾ പോൾ എം.ജോർജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ട്പ്രതികളെ കഴിഞ്ഞ വർഷം കോടതി വെറുതെ വിട്ടിരുന്നു. പോളിനൊപ്പം ഉണ്ടായിരുന്നിട്ടും വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും, പുത്തൻപാലം രാജേഷും മാപ്പുസാക്ഷികളായ കേസ്. ഈ കേസിലെ ചില പുതിയ വിവരങ്ങൾ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിൻസൻ എ പോൾ വെളിപ്പെടുത്തി.

പോളിനെ ക്വട്ടേഷൻ സംഘം കുത്തിയത് എസ് കത്തി ഉപയോഗിച്ചാണെന്ന വിൻസൻ എം പോളിന്റെ പരാമർശം അന്ന് വലിയ തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. തന്നോട് ഇക്കാര്യം പറഞ്ഞത് കേസിലെ രണ്ടാം പ്രതി കാരി സതീശ് അല്ലെന്നാണ് വിൻസൻ പോളിന്റെ പുതിയ വെളിപ്പെടുത്തൽ. കൗമുദി ടിവിയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

'സത്യത്തിൽ കൊലപാതകം നടത്തിയത് പോളിനോട് യാതൊരു വ്യക്തി വിരോധവുമില്ലാത്ത ഒരു ടീം ആയിരുന്നു. മറ്റൊരു കൊട്ടേഷന് പോകുന്ന സമയത്ത്, ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന്റെ വീൽ ഊരിപോവുകയും അത് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ പോളിന്റെ വാഹനം അതുവഴി വന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. പോൾ വണ്ടി നിറുത്താതെ പോയി. നല്ല മദ്യലഹരിയിലായിരുന്ന ഗുണ്ടകൾ പോളിനെ ചെയ്‌സ് ചെയ്തു. ഒന്നര കിലോമീറ്റർ മുന്നോട്ടു ചെന്ന് അവർ പോളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ആ സമയത്താണ് കാരി സതീശൻ എന്ന വ്യക്തി പോളിനെ പുറകിൽ നിന്ന് കുത്തിയത്.'എസ് കത്തി'യാണ് ഞങ്ങൾ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയത് ഗുണ്ടാ ഗ്യാംഗിലുണ്ടായിരുന്ന ജയചന്ദ്രൻ എന്ന ചങ്ങനാശ്ശേരിക്കാരനാണ്. എനിക്ക് വിശ്വാസം വരാത്തതുകൊണ്ട് അവനത് വരച്ചുകാണിച്ചു. രണ്ട് സൈഡും മൂർച്ചയുള്ള ഏകദേശം എസ് ആകൃതി വരുന്ന ആയുധം. അതായിരുന്നു എസ് കത്തി എന്ന് അയാൾ ഉദ്ദേശിച്ചത്'.

സംഭവം ഇങ്ങനെ

മണ്ണഞ്ചേരിയിലെ കുരങ്ങ് നസീർ എന്ന ഗുണ്ടയെ വകവരുത്താൻ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോൾ മുത്തൂറ്റിന്റെ ഫോർഡ് എൻഡവർ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാരി സതീഷും സംഘവും പോൾ ജോർജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ. കേസ്. രണ്ടു കേസുകളായി അന്വേഷിച്ച് സിബിഐ വെവ്വേറെ കുറ്റപത്രം സമർപ്പിച്ചെങ്കിലും, കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു

നെടുമുടി പൊലീസെടുത്ത കേസിൽ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോൾ ജോർജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തൻപാലം രാജേഷും പ്രതികളായിരുന്നു. എന്നാൽ സിബിഐ. ഇവരെ മാപ്പ് സാക്ഷികളാക്കി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയിൽ നൽകിയ മൊഴി. 2012 നവംബർ പത്തൊൻപതിന് ആരംഭിച്ച വിചാരണയിൽ, പോൾ ജോർജിന്റെ ഡ്രൈവർ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പൊലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സിബിഐ., കൊലയ്ക്കുപയോഗിച്ച യഥാർഥ കത്തിയും കോടതിയിൽ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് 'എസ്' കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. കെ.എം.ടോണി മൊഴിനൽകിയത് നേരത്തെ വിവാദമായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ എറണാകുളം റേഞ്ച് ഐജി വിൻസൻ എം. പോൾ നടത്തിയ പത്രസമ്മേളനത്തിൽ എസ് കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയതെന്നു പറഞ്ഞു. തുടർന്നാണു വധക്കേസിലെ എസ് കത്തി തന്നെക്കൊണ്ടു പൊലീസ് നിർബന്ധിച്ചു പണിയിച്ചതാണെന്ന ആരോപണം കത്തി നിർമ്മിച്ചയാൾ ഉന്നയിച്ചത്. എസ് കത്തി ഉപയോഗിച്ചു കൊലപാതകം നടത്തുന്നത് ആർഎസ്എസുകാരാണെന്ന ആരോപണം സിപിഎമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കൂടി ഉന്നയിച്ചതോടെ എസ് കത്തി വിവാദം സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയിലടക്കം കത്തിക്കയറിയിരുന്നു.

പൊലീസ് അന്വേഷണത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും മുത്തൂറ്റ് പോൾ ജോർജ് വധക്കേസ് സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. 2009 ഓഗസ്റ് 21ന് രാത്രി 12.15നു ചങ്ങനാശേരി-ആലപ്പുഴ റോഡിൽ പൊങ്ങ ജംഗ്ഷനു സമീപമാണ് മുത്തൂറ്റ് എം ജോർജ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോൾ മുത്തൂറ്റ് ജോർജ് ചങ്ങനാശേരി ക്വട്ടേഷൻ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. നെടുമുടി പഞ്ചായത്ത് രണ്ടാം വാർഡിൽ എസി റോഡിലെ ജ്യോതി ജംഗ്നിലായിരുന്നു സംഭവം. നെടുമുടി മാത്തൂർ ക്ഷേത്രത്തിലേക്കു തിരിയുന്ന റോഡ് മുക്കാണു ജ്യോതി ജംഗ്ഷൻ.

റോഡരുകിലുള്ള വീടിന്റെ മതിലിനോട് ചേർത്തുനിർത്തിയാണു പോളിനെ കുത്തിയത്. കാരി സതീഷ് എസ് കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയതായും പോൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായും പൊലീസ് വെളിപ്പെടുത്തി. മൃതദേഹം രാത്രിതന്നെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചു. പോളിനൊപ്പമുണ്ടായിരുന്ന മനു എന്നയാൾക്കും കുത്തേറ്റിരുന്നു.ചങ്ങനാശേരി നാലുകോടി സ്വദേശികളും ക്വട്ടേഷൻ സംഘാംഗങ്ങളുമായ ജയചന്ദ്രൻ, സതീഷ് എന്നു വിളിക്കപ്പെടുന്ന കാരി സതീഷ്, സത്താർ ഉൾപ്പെടെ 19 പേരാണു പ്രതി പട്ടികയിൽ ആദ്യം ഉൾപ്പെട്ടത്.

കടപ്പാട്: കൗമുദി ടിവി