തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ വിനു വി. ജോണിന് നേരെ ഭീഷണി. ചർച്ചയ്ക്കിടെ വിനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലെ ഉയർന്ന കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നൽകി.

ചർച്ചയുടെ അവസാനമായപ്പോഴേക്കാണ് വിനുവിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഞാൻ പേര് പറയുന്നില്ല. പറയേണ്ടപ്പോൾ പറയുമെന്നും ചർച്ചയ്ക്കിടെ വിനു വി ജോൺ പറഞ്ഞു

വിനുവിന്റെ വാക്കുകൾ:

നമ്മുടെ കേന്ദ്ര ഏജൻസികൾ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജിൽ പോലും അതുണ്ട്. തൽക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാർട്ട് എന്നാണ്. ഞാൻ പേര് പറയുന്നില്ല. പറയേണ്ടപ്പോൾ പറയും.

അതായത് ഈ ചർച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതിൽ പറയുന്ന കാര്യങ്ങൾ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജൻസികൾ അന്വേഷിച്ചോളൂ. ഇനി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെങ്കിൽ എന്തും അന്വേഷിക്കാം. സ്വാഗതം.

വെറുതെ പറയുന്നതല്ല. ഇത് പറയുമ്പോൾ പോലും പൊള്ളുന്ന ഉദ്യോഗസ്ഥർ കേരളത്തിൽ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവർ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്.

ഇ.ഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയിൽ വച്ചാൽ മതിയെന്ന് മാത്രമെ എനിക്ക് പറയാൻ കഴിയൂ. കൂടുതൽ സ്മാർട്ടാകേണ്ട് പറഞ്ഞാൽ പേടിക്കാൻ വേറെ ആളെ നോക്കിയാൽ മതിയെന്നെ എനിക്ക് ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളൂ.

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ ബുധനാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും, തൃശ്ശൂർ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യൽ.

കേസിൽ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പണവുമായി വന്ന ധർമരാജനും സംഘത്തിനും ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകിയത് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ അദ്ദേഹമത് പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് നേതൃത്വം പറയുമ്പോഴും നേതാക്കൾ ഇടപ്പെട്ട് എന്തിനാണ് പണം കൊണ്ടുവന്നവർക്ക് സൗകര്യം ചെയ്ത് നൽകിയതെന്ന ചോദ്യമാണ് ഉയരുന്നത്.