തിരുവനന്തപുരം: ഏഴ് പതിറ്റാണ്ട് കർണ്ണാടക സംഗീത ലോകത്ത് തിളങ്ങി നിന്ന അപൂർവ്വ പ്രതിഭ പ്രഫ.എം.സുബ്രഹ്മണ്യ ശർമ (84) അന്തരിച്ചു. വയലിൻ വിദ്വാനും കർണാട്ടിക് വയലിനിൽ ഗായക ശൈലിയുടെ വക്താവും വിപുലമായ ശിഷ്യസമ്പത്തിന് ഉടമയുമായിരുന്നു അദ്ദേഹം. കോട്ടയ്ക്കകം മൂന്നാം പുത്തൻ തെരുവിലെ ടി.സി 40/511 വസതിയിൽ ഇന്നലെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ എട്ടിനു പുത്തൻകോട്ട ബ്രാഹ്മണ സമുദായ ശ്മശാനത്തിൽ നടക്കും.

മൃദംഗ വിദ്വാനായിരുന്ന കെ.മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി ആലപ്പുഴയിലാണു ജനനം. പിതാവിന്റെയും ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തിൽ 17ാം വയസ്സിൽ വയലിനിൽ അരങ്ങേറ്റം. ഏഴു പതിറ്റാണ്ടായി കർണാടക സംഗീത ലോകത്തു പ്രഫ.ശർമ സജീവമാണ്. സ്വാതി തിരുനാൾ സംഗീത കോളജിന്റെ തുടക്കത്തിൽ അദ്ധ്യാപകനായിരിക്കുമ്പോൾ ഒട്ടേറെ നിർധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിച്ചു.

യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും കച്ചേരികളിൽ വയലിൻ വായിച്ചു. സംഗീത സംവിധായകൻ രവീന്ദ്രൻ അടക്കമുള്ളവർ ശിഷ്യരാണ്. കെ.രേണുകയാണു ഭാര്യ. വയലിൻ വാദകരായ മക്കൾ എസ്.ആർ.മഹാദേവ ശർമയ്ക്കും എസ്.ആർ.രാജശ്രീക്കുമൊപ്പം പ്രഫ.ശർമ കച്ചേരികൾ അവതരിപ്പിക്കുമായിരുന്നു.