കാബൂൾ: താലിബാൻ ഭരണമേറ്റടുത്തതോടെ ഏറ്റവും കുടുതൽ പ്രതിസന്ധിയിലായിരിക്കുന്നത് രാജ്യത്തെ മാധ്യമപ്രവർത്തകരാണ്.മാധ്യമ പ്രവർത്തകരുടെ നിസ്സഹായാവസ്ഥ ഇതിനോടകം ചർച്ചയായിരുന്നെങ്കിലും അതിനെ പ്രകടമാക്കുന്ന കാര്യങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന മാധ്യമ പ്രവർത്തകന്റെ വീഡിയോ ഇത്തരം ചർച്ചകളെ സാധുകരിക്കുന്നതാണ്.

ആക്ടിവിസ്റ്റും ഇറാനിയൻ മാധ്യമപ്രവർത്തകയുമായ മാസിഹ് അലിനെജാദ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്.വീഡിയോയിൽ അവതാരകന്റെ മുഖത്തെ പേടിയും നിസ്സഹായവസ്ഥയും കാണാൻ സാധിക്കും.തോക്കേന്തിയ താലിബാൻ സംഘം പിന്നിൽ നിന്ന് കൊണ്ട് അഫ്ഗാനിലെ ജനങ്ങൾ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് ചാനൽ അവതാരകനെ കൊണ്ട് പറയിപ്പിക്കുന്നതാണ് വീഡിയോ.

'ഇത് അയാഥാർത്ഥ്യമാണ്. താലിബാൻ തീവ്രവാദികൾ തോക്കുകളുമായി ഈ ടിവി അവതാരകന് പിന്നിൽ നിൽക്കുകയും അഫ്ഗാനിസ്ഥാനിലെ ആളുകൾ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് പറയുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ ഭയത്തിന്റെ പര്യായമാണ് താലിബാൻ എന്നതിന് ഇത് മറ്റൊരു തെളിവ് മാത്രമാണ്' എന്ന് കുറിച്ചു കൊണ്ടാണ് മാസിഹ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.