ഇസ്ലാമബാദ്: വാക്‌സിൻ വിരുദ്ധർ ഒരിക്കലും അടങ്ങിയിരിക്കാറില്ല. കോവിഡ് വാക്‌സിൻ ലോകമെമ്പാടും നൽകി കൊണ്ടിരിക്കുന്ന അവസരത്തിൽ വിശേഷിച്ചു. ശതകോടീശ്വരനും സംരംഭകനുമായ ഇലോൺ മസ്‌ക് പോലും ഇക്കാര്യത്തിൽ അവിശ്വാസികളുടെ കൂടെയാണ്. താനും കുടുംബവും ഏതായാലും കോവിഡ് വാക്‌സിൻ ഷോട്ട് എടുക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ വർഷം അവസാനം പ്രഖ്യാപിച്ചിരുന്നു. പലരും വാക്‌സിന്റെ കാര്യത്തിൽ സംശയാലുക്കളാണ്. വാക്‌സിനിൽ പൗരന്മാരുടെ വിവരം ശേഖരിക്കാനുള്ള മൈക്രോചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് ഒരു ഗൂഢാലോചന സിദ്ധാന്തം. വാക്‌സിനിൽ ഉള്ള ചില രാസവസ്തുക്കൾ വഴി ആർക്കൊക്കെയാണ് വാക്‌സിൻ നൽകിയതെന്ന് നിരീക്ഷിക്കാം എന്നായിരുന്നു മറ്റൊരു സിദ്ധാന്തം. ഇതിനിടെയാണ് ആയിരക്കണക്കിന് തവണ ആളുകൾ കണ്ട ഒരു വീഡിയോ ചർച്ചാവിഷയമായത്. മനസിനെ നിയന്ത്രിക്കാൻ കഴിയുന്ന മൈക്രോ ചിപ്പ് കോവിഡ് 19 വാക്‌സിനേഷൻ വഴി കുത്തിവെക്കുന്നുണ്ട് എന്ന് ഒരു മുസ്ലിം പണ്ഡിതൻ പ്രസംഗിക്കുന്ന വീഡിയോ ആയിരുന്നു അത്. ഇയാൾ ഇന്ത്യാക്കാരൻ ആണെന്നായിരുന്നു ബിജെപി വക്താവ് ട്വീറ്റ് ചെയ്തത്.

ആരോഗ്യവിദഗ്ദ്ധർ പണ്ഡിതന്റെ വാദങ്ങൾ തള്ളിക്കളഞ്ഞെങ്കിലും, ഇന്ത്യാക്കാരന്റേതെന്ന നിലയിൽ വീഡിയോ പ്രചരിക്കുകയായിരുന്നു. 56 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഫേസ്‌ബുക്ക് 2020 ജനുവരി നാലിനാണ് പ്രസിദ്ധീകരിച്ചത്. ഹിന്ദിയിലുള്ള ക്യാപ്ഷൻ ഇങ്ങനെയായിരുന്നു. ഇന്ത്യയുടെ വ്യാജ വാക്‌സിൻ വിദഗ്ദ്ധന്റെ പ്രസംഗത്തിന്റെ ഇസ്ലാമിക് പതിപ്പ് എന്നായിരുന്നു അത്. വീഡിയോയുടെ താഴെയുള്ള ഉറുദ്ദുഭാഷയിലെ സ്റ്റിക്കർ കൊറോണ വൈറസ് എന്നാണ്.

'യഹൂദന്മാർ ഒരു വാക്‌സിൻ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അത് വഴി അവർക്ക് നിങ്ങളുടെ മനസിനെ നിയന്ത്രിക്കാൻ കഴിയും. അങ്ങനെ, നിങ്ങൾ അവർക്ക് ആവശ്യമുള്ളത് മാത്രമേ ചിന്തിക്കൂ' - ഉറുദ്ദു സംസാരിക്കുന്ന ആൾ പറയുന്നു. . 'വാക്‌സിനേഷൻ നിർബന്ധിതമായി എടുക്കുന്നതിലൂടെ അവർ ഒരു മൈക്രോചിപ്പ് ശരീരത്തിലേക്ക് ചേർക്കാൻ ശ്രമിക്കുകയാണ്' - അദ്ദേഹം പറഞ്ഞു.

2021 ജനുവരി നാലിന് ഭാരതീയ ജനതാ പാർട്ടി വക്താവ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിലെ വാക്കുകൾക്ക് സമാനമാണ് ട്വീറ്റിലെ വാക്കുകളും. അയാൾ ഇന്ത്യൻ പുരോഹിതനാണെന്ന ട്വീറ്റിലെ വാദവും തെറ്റാണ്. വീഡിയോയുടെ കീഫ്രെയിംസ് ഉപയോഗിച്ച് ഗൂഗിളിൽ നടത്തിയ റിവേഴ്‌സ് ഇമേജ് സർച്ചിൽ, 2020 ജൂൺ രണ്ടിന് പാക്കിസ്ഥാനി വാർത്താ സൈറ്റായ സിയസാത്തിൽ പ്രസിദ്ധീകരിച്ച വീഡിയോ ആണിതെന്ന് വ്യക്തമാകുന്നുണ്ട്. വീഡിയോ കുറിപ്പ് പ്രകാരം അത് പാക്കിസ്ഥാനി മത പണ്ഡിതനായ കൗക്കബ് നൂറാനിയാണ്. കറാച്ചിയിലെ ഒരുപള്ളിയിൽ, വിശ്വാസികളോട് സംസാരിക്കവേയായിരുന്നു കോവിഡ് വാക്‌സിന് എതിരെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം.

വീഡിയോയുടെ ദൈർഘ്യമേറിയ ഭാഗം യൂടൂബിൽ, 2020 മെയ് 29 ന് പ്രസിദ്ധീകരിച്ചു. മൂന്നുമിനിറ്റ് 14 സെക്കന്റുള്ള വീഡിയോയിൽ കോവിഡ് വാക്‌സിനെ കുറിച്ച് ഉറുദ്ദുവിലാണ് സംസാരം. എന്നാൽ, ഇസ്ലാമബാദിൽ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടറും വക്താവുമായ വസീം ഖ്വാജ പറയുന്നു...ആളുകൾ ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അവഗണിക്കണമെന്ന്. ഇങ്ങനെ മനസിനെ നിയന്ത്രിക്കാൻ കഴിയുന്ന ചിപ്പ് ഉള്ളതായി നമ്മുടെ അറിവിലില്ല...സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾക്ക് മാത്രമേ ചെവിയോർക്കാവൂ എന്നും അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്.