മുവാറ്റുപുഴ :തൃക്കളത്തൂർ സ്വദേശിയായ ട്രാവൽ ഏജന്റിൽ നിന്നും കോടികൾ തട്ടിയ ഓച്ചിറ സ്വദേശിയായ വിസ തട്ടിപ്പുകാരൻ ഡൽഹി ഇന്ദിരഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ പിടിയിലായി. മാവേലിക്കര, വള്ളികുന്നം കന്നിമേൽ ചന്ദ്രഭവനം വീട്ടിൽ ശരത്ചന്ദ്രൻ (23) ആണ് പൊലീസ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്‌പി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിൽ മുവാറ്റുപുഴ ഡി.വൈ.എസ്‌പി മുഹമ്മദ്റിയാസിന്റെ നേൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരവെയാണ് ശരത്ചന്ദ്രൻ പിടിയിലായത്.

ബാങ്കൊക്ക്, മലേഷ്യ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ അവിടെ കൊണ്ടുപോയി ജോലി നൽകാതെ മുങ്ങിയ ഇയാളെ തിരഞ്ഞ് പൊലീസ് രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ പൊലീസ് പിറകെ ഉണ്ടെന്നു മനസ്സിലാക്കി ദുബായ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.എ.മുഹമ്മദ് എസ് ഐ ബഷീർ.സി.കെ, എഎസ്ഐ ഷക്കിർ.എം.എ. സിവിൽ പൊലീസ് ഓഫീസർ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.