കണ്ണൂർ: കണ്ണൂർ ജില്ലയിൽ പൊലീസ് മൈതാനിയോട് ചേർന്ന് പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഈ ഒരു കോമ്പൗണ്ടിൽ നിരവധി സ്റ്റാളുകളാണ് നിരന്നിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ ഈയൊരു സ്ഥലത്ത് സ്വന്തം സംരംഭത്തിന്റെ സ്റ്റാർ ഇടാനായി ഒറ്റപ്പാലത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയതായിരുന്നു വിഷ്ണുപ്രിയ എന്ന യുവ സംരംഭക. എന്നാൽ കണ്ണൂരിൽ എത്തിയപ്പോൾ സ്റ്റാൾ ഇടാൻ ഉള്ള അവസരം നിഷേധിച്ച് പുറത്താക്കി. സർക്കാർ യുവസംരംഭകരെ പ്രോത്സാഹിിപ്പിക്കും എന്ന് വാവിട്ട സംസാരിക്കുമെങ്കിലുംഅതുമുഴുവൻ വേണ്ടപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് നടക്കുന്നത് എന്ന് വിഷ്ണുപ്രിയ അഭിപ്രായപ്പെടുന്നു.

കുടുംബശ്രീ സംരംഭക എന്നുള്ള നിലയിൽ തുടങ്ങിയതാണ് വിഷ്ണുപ്രിയ. ഒത്തിരി സ്വപ്നം കണ്ട ശേഷവും അധ്വാനത്തിന് ശേഷവും ആഗ്രഹിച്ച കാര്യങ്ങൾ മുഴുവനായി നേടിയെടുത്തത്. വളരെ പ്രതീക്ഷയോടെ ആയിരുന്നു വിഷ്ണുപ്രിയ കണ്ണൂരിലേക്ക് വന്നത്. പാർട്ടി കോൺഗ്രസും സർക്കാറിന്റെ വാർഷികാഘോഷവും നടക്കുന്നതിനാൽ രണ്ട് സ്റ്റാൾ ഇടാമെന്ന് ലക്ഷ്യത്തിൽ വന്നു. എന്നാൽ പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സ്റ്റാൾ വേണമെങ്കിൽ പണം ആവശ്യപ്പെട്ടു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്ഥലത്ത് സ്റ്റാൾ ഇടാൻ ശ്രമിച്ചപ്പോൾ അവർ വളരെ മോശമായ രീതിയിൽ പെരുമാറി പുറത്താക്കി എന്നാണ് വിഷ്ണുപ്രിയ പറയുന്നത്.

രണ്ടായിരത്തിലാണ് വിഷ്ണുപ്രിയ കുടുംബശ്രീയിലേക്ക് വരുന്നത്. വളരെ ബുദ്ധിമുട്ട് നിറഞ്ഞ ജീവിതത്തിന് ശേഷം പതിനായിരം രൂപ ലോണെടുത്ത് ആദ്യമായി ഒരു സംരംഭം തുടങ്ങി. മെല്ലെ മെല്ലെ ജീവിതത്തിന്റെ കയ്പുനിറഞ്ഞ കാലങ്ങൾ കടന്നുപോയി. ഒരു ബ്യൂട്ടി കൾച്ചർ തുടങ്ങുക എന്നതായിരുന്നു ചിന്ത. കഷ്ടപ്പാടിനൊടുവിൽ അത് നേടിയെടുക്കാൻ സാധിച്ചു. ഗ്രൂമിങ്ങിനെ പറ്റിയുള്ള ക്ലാസുകൾ സ്ത്രീകൾക്ക് മെല്ലെ എടുത്തു തുടങ്ങി. മെല്ലെ മെല്ലെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറി.

ഇപ്പോഴും ഒരു കോടിക്കടുത്ത് രൂപ സർക്കാർ നൽകുവാൻ ഉണ്ട് എന്നാണ് വിഷ്ണുപ്രിയ പറയുന്നത്. അതിനുള്ള കാര്യങ്ങൾ ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്. ഇപ്പോൾ ഇവർക്ക് പാലക്കാട് ജില്ലയിൽ ഒരു വൊക്കേഷനൽ ട്രെയിനിങ് സെന്റർ ഉണ്ട്. ആദ്യം വളരെ ചെറിയ രീതിയിൽ ആണ് തുടങ്ങിയതെങ്കിലും ഇപ്പോൾ 250ഓളം വിഷയങ്ങളിൽ ട്രെയിനിങ് ഇവർ നൽകുന്നുണ്ട്. ടെക്‌സ്‌റ്റൈൽ തൊട്ട് ഇൻഡസ്ട്രി മിഷനറി വരെ വരുന്ന വലിയ രീതിയിലുള്ള കാര്യങ്ങളിൽ ട്രെയിനിങ് നൽകിവരുന്നു.

പക്ഷേ ഇത്തരത്തിൽ ഒരു വലിയ സ്ഥാപനം തുടങ്ങിയിട്ടും വിഷ്ണുപ്രിയയെ പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. ഓരോ കാര്യങ്ങളും ആയി ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് തടയപ്പെടുന്നു. ഇപ്പോഴും പല ഉദ്യോഗസ്ഥരുടെയും സമീപനം വളരെ മോശമാണ് എന്ന് വിഷ്ണുപ്രിയ തന്നെ സമ്മതിക്കുന്നു. ഉള്ളത് ഉള്ളതുപോലെ പറയുന്ന സ്വഭാവം ഉള്ളതിനാൽ വിഷ്ണുപ്രിയ എന്തൊരു ആവശ്യത്തിനുവേണ്ടി സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോഴും പല കാര്യങ്ങൾ പറഞ്ഞ് പലതവണ ഇവരെ ഓടിക്കും.

കഴിഞ്ഞദിവസം കണ്ണൂരിൽ തന്റെ ഇൻസ്റ്റ്യൂട്ടിനെ പറ്റിയുള്ള കാര്യങ്ങൾ സംസാരിക്കുന്ന സ്റ്റാൾ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന മെഗാ എക്‌സിബിഷനിൽ ഇടാൻ ആയാണ് വിഷ്ണുപ്രിയ എത്തിയത്. ഭർത്താവിന് അപകടം പറ്റി കിടക്കുന്നതിനാൽ പത്രം പോലും വായിക്കാൻ സമയമുണ്ടായിരുന്നില്ല. അതിനാൽ പത്രം പോലും നോക്കിയില്ല. ഈ പ്രതികൂല സാഹചര്യം ഉണ്ടായിരുന്നിട്ടും ഏറെ പ്രതീക്ഷയോടെ കണ്ണൂരിലേക്ക് എത്തി. ആദ്യം മകനാണ് കണ്ണൂരിൽ എത്തി സ്റ്റാൾ ഇടാൻ ഉള്ള കാര്യം ചോദിച്ചത്.

എന്നാൽ അവനെ വളരെ മോശമായ രീതിയിൽ പെരുമാറി അകറ്റി. പിന്നീട് വിഷ്ണുപ്രിയ എത്തിയശേഷം കാര്യങ്ങൾ എന്താണെന്ന് അന്വേഷിച്ചപ്പോൾ പ്രതികൂലമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ പെരുമാറ്റവും വളരെ മോശമായിരുന്നു എന്ന് വിഷ്ണുപ്രിയ തന്നെ പറയുന്നു. വിഷ്ണുപ്രിയയുടെ അഭിപ്രായപ്രകാരം മുകളിലുള്ള രാഷ്ട്രീയ നേതാക്കളിലേക്ക് കാര്യങ്ങളൊന്നും എത്തുന്നില്ല. താഴെ നിലയിലുള്ള ആളുകൾ തന്നെ എല്ലാം കൈകാര്യം ചെയ്തു അവരുടെ ബന്ധപ്പെട്ടവർക്ക് നൽകുകയാണ് പതിവ്. ഈ പതിവ് കാരണമാണ് താൻ പലസ്ഥലത്തും തഴപ്പെടുന്നത് എന്ന് വിഷ്ണുപ്രിയ തുറന്നു സംസാരിക്കുന്നു.

ഈ വിഷയം എങ്ങനെയെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് വിഷ്ണുപ്രിയ ആഗ്രഹിക്കുന്നു. പലപ്പോഴും പല തവണ വിഷ്ണുപ്രിയക്ക് ഇത്തരത്തിലുള്ള ദുരവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനൊരു അറുതി വരണമെന്നാണ് വിഷ്ണുപ്രിയയുടെ ആഗ്രഹവും.