തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടങ്ങളിലും റേഷൻ കടകളിലെ സൗജന്യ വിഷുക്കിറ്റ് വിതരണം നിലച്ചതായി പരാതി. വേണ്ടത്ര കിറ്റ് എത്തിക്കാത്തതാണ് കാരണം. 90 ലക്ഷം കാർഡുടമകളിൽ വിഷുക്കിറ്റ് ലഭിച്ചത് 4,16,119 പേർക്ക് മാത്രമാണ്. ഇങ്ങനെ പോയാൽ വിഷുവിനു മുമ്പ് എല്ലാർക്കും കിറ്റ് ലഭിക്കില്ല.വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോൾ അത് വിതരണം ചെയ്യാൻ സർക്കാർ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മാർച്ചിലെ കിറ്റ് വിതരണവും പൂർത്തിയായിട്ടില്ല.

വിഷു സ്പെഷ്യൽ കിറ്റ് വിതരണം മാർച്ച് 29നാണ് ആരംഭിച്ചത്.വിഷുക്കിറ്ര് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതോടെയാണ് വിവാദമായത്. കോവിഡ് കാലത്തിന്റെ തുടർച്ചയാണ് കിറ്റ് വിതരണമെന്നും ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സൗജന്യ കിറ്റ് നൽകാൻ ഫെബ്രുവരി 16ന് ഉത്തരവ് ഇറക്കിയെന്നും ഭക്ഷ്യസെക്രട്ടറി കമ്മിഷനെ അറിയിച്ചു. കമ്മിഷൻ മറുപടി നൽകാത്തതിനാൽ 29 മുതൽ വിതരണം ആരംഭിക്കാൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർദ്ദേശം നൽകി.

14 ഇനങ്ങളുള്ള കിറ്റ് വിതരണത്തിന് ഇ പോസ് മെഷീനിൽ ക്രമീകരണങ്ങളും വരുത്തി. അന്ത്യോദയ അന്നയോജനയ്ക്ക് (മഞ്ഞ കാർഡ്) ആദ്യഘട്ട കിറ്റുകൾ നൽകാനായിരുന്നു തീരുമാനം. എന്നാൽ ഒന്നു മുതൽ കാർഡ് നോക്കാതെ കിറ്റ് നൽകാനുള്ള നിർദ്ദേശവും റേഷൻ കടക്കാർക്ക് ലഭിച്ചു.

മാർച്ചിലെ കിറ്റും അപൂർണമാണെന്ന് ആക്ഷേപമുണ്ട്.മാർച്ചിലെ കിറ്റ് മലബാർ മേഖലയിൽ ആവശ്യത്തിന് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തേയും കൊല്ലത്തേയും റേഷൻ കടകളിൽ പലയിടത്തും ആവശ്യത്തിലേറെ കിറ്റ് കിട്ടുകയും ചെയ്തു. വിഷുക്കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉള്ളതിനാൽ ഇത് പകരം നൽകാനും റേഷൻകടക്കാർക്ക് കഴിയില്ല. നീല, വെള്ള കാർഡുകളുടെ മാർച്ചിലെ കിറ്റാണ് മറ്റ് ജില്ലകളിൽ കിട്ടാനുള്ളത്.

15 രൂപ നിരക്കിൽ മുൻഗണനാ വിഭാഗത്തിന് 10 കിലോ അരി നൽകാൻ തീരുമാനിച്ചെങ്കിലും എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് അരി എത്തിച്ചിട്ടില്ല. ചിലയിടങ്ങളിൽ അരി ആവശ്യത്തിലേറെ സ്റ്റോക്കുള്ളപ്പോൾ മറ്റ് കടകളിൽ അരി ലഭ്യമല്ലാത്ത അവസ്ഥ. ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ ശേഷമാണ് സൗജന്യനിരക്കിലെ അരി വിതരണം ആരംഭിച്ചത്.

തിരുവനന്തപുരത്തെ റേഷൻ കടകളിലാണ് ഏറ്റവും കുറച്ച് വിഷുക്കിറ്റുകൾ വിതരണം ചെയ്തത്. ഇന്നലെ വരെ 9,524 കിറ്റുകൾ മാത്രം. തൃശൂരിലാണ് കൂടുതൽ പേർക്ക് കിറ്റ് ലഭിച്ചത് 70,848'.കിറ്റ് വിതരണത്തിന് സപ്ലൈകോയുടെ അലംഭാവം ഉണ്ടായില്ല. എവിടെ കുറവുണ്ടെന്ന് അറിഞ്ഞാൽ അവിടെ എത്തിക്കുമെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം