തിരുവനന്തപുരം: കൊല്ലത്ത് ഭർതൃഗൃഹത്തിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയായ ഭർത്താവ് കിരൺ കുമാറിനെ മൊട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കി. പിരിച്ച് വിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നറ പുറത്താക്കിയതെന്ന് നേരത്തേ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിസ്മയക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട അച്ഛനും സഹോദരനും ഗതാഗതമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. 45 ദിവസം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് കിരണിനെ സർവീസിൽ നിന്ന് പുറത്താക്കിയതെന്ന് അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നടപിടിയിന്മേലുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയത്.

നടപടിക്കെതിരെ സുപ്രീംകോടതി വരെ പോകാനുള്ള അവകാശം കിരൺ കുമാറിനുണ്ട്. കിരൺ കുമാർ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ല. നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെയും സർക്കാരിന്റെ നടപടിയിലൂടെ നീതി കിട്ടിയെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചിരുന്നു.