ന്യൂഡൽഹി: ഇന്ത്യയിലെ ടെലികോമിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് അംബാനിയുടെ റിലയൻസാണ്. ജിയോ സിമ്മുകൾ നേട്ടമുണ്ടാക്കുന്ന കാലം. അതിനിടെ ടെലികോം കമ്പനികൾക്ക് ഗുണകരമാകുമെന്ന തീരുമാനം ഉടൻ കേന്ദ്ര സർക്കാർ എടുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ നേട്ടം അംബാനിയുടെ കമ്പനിക്ക് തന്നെയാകും. ഇതിന് വേണ്ടിയാണ് പുതിയ ഐടി നിയമങ്ങളും ചടങ്ങളും തയ്യാറാക്കുന്നതെന്നാണ് സൂചന. രാജ്യസുരക്ഷയുടെ പേരിൽ അംബാനി പോലുള്ള വൻകുത്തകകൾക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന ഇടപെടൽ.

വോയ്‌സ്, വിഡിയോ കോളിങ് ആപ്പുകളെ നിയന്ത്രിക്കണമെന്ന് നേരത്തെ തന്നെ ടെലികോം കമ്പനികൾ ട്രായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത്തരമൊരു വിലക്ക് സാധ്യമല്ലെന്നാണ് അന്നൊക്കെ ട്രായി അറിയിച്ചിരുന്നത്. വിഡിയോ കോളിങ് ആപ്പുകൾ വന്നതോടെ ടെലികോം കമ്പനികളുടെ വരുമാനം കുത്തനെ കുറഞ്ഞു. മെസേജ്, കോളുകൾ എന്നിവയ്ക്ക് ഇപ്പോൾ മിക്കവരും ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ കമ്പനികളെ സഹായിക്കാനുള്ള കേന്ദ്ര നീക്കമെന്ന വിമർശനം ശക്തമാണ്.

രാജ്യത്ത് അനിയന്ത്രിതമായി പ്രവർത്തിക്കുന്ന വിഡിയോ കോൾ ആപ്പുകളെ സുരക്ഷയുടെ പേരിൽ വിലക്കിയേക്കുമെന്നാണ് റിപ്പോർട്ട്. സ്‌കൈപ്പ്, ഫേസ്‌ബുക് മെസഞ്ചർ, വാട്‌സാപ് പോലുള്ള കോളിങ് ആപ്ലിക്കേഷനുകളെ വിലക്കും. അങ്ങനെ വന്നാൽ ഫോൺ വിളി ടെലികോം സേവനദാതാക്കൾ വഴി മാത്രമാകും. വോയിസ് കോളിംഗും മറ്റും ഉള്ളതു കൊണ്ടാണ് ടെലികോം കമ്പനികൾ പരിധി രഹിത കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. പുതിയ നിയമം കൊണ്ടു വന്നാൽ ഫോൺ വിളിക്ക് മറ്റ് മാർഗ്ഗം ഇല്ലാതെയാകും. അപ്പോൾ ടെലികോം കമ്പനികൾക്ക് നിരക്കുകൾ ഉയർത്തി ലാഭവും ഉണ്ടാക്കാൻ കഴിയും.

വാട്‌സാപ്, ഫേസ്‌ബുക് മെസഞ്ചർ, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോളിങ് ആപ്ലിക്കേഷനുകളെ വിലക്കിന്റെ പരിധിയിൽ കൊണ്ടുവരാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും ആപ്പുകൾക്ക് ലൈസൻസിങ് സംവിധാനം തയാറാക്കുന്നതിനുമുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഡോട്ട് അഭിപ്രായം തേടിയതായും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

വിഡിയോ കോളിങ് ആപ്പുകൾക്കും രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസിങ് നടപ്പിലാക്കണം. ടെലികോം കമ്പനികളെ പോലെ തന്നെ വിഡിയോ കോളിങ് ആപ്പുകളും ഡോട്ടിന്റെ കീഴിൽ വരണം. ടെലികോം കമ്പനികൾ ചെയ്യുന്നത് പോലെ വിഡിയോ കോളിങ് ആപ്പുകളും ആവശ്യം വരുമ്പോൾ നിയമ നിർവഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകണം. ഇത് പ്രായോഗികമല്ല. അങ്ങനെ വരുമ്പോൾ ഫലത്തിൽ ഈ നിയന്ത്രണത്തിന് വിലക്കിന്റെ സ്വഭാവം കൈവരും.

ഉപയോക്താക്കളുടെ കോളിങ്, മെസേജിങ് വിവരങ്ങൾ നൽകുന്ന കാര്യത്തിൽ ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുമായി സർക്കാർ തർക്കത്തിലാണ്. മെസേജിങ് ആപ്ലിക്കേഷന്റെ പുതുക്കിയ സ്വകാര്യതാ നയത്തിനെതിരെ വാട്സപ്പും സർക്കാരും നിയമപോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ പുതിയ നീക്കവും വിവാദമാകും. ചില ഗൾഫ് രാജ്യങ്ങളിൽ ഇത്തരെ വിഡിയോ കോൾ, വായിസ് കോൾ അപ്പുകൾക്ക് നിയന്ത്രണമുണ്ട്. ഇതിന്റെ നിയമവശങ്ങൾ കേന്ദ്രവും പരിശോധിക്കുന്നുണ്ട്.

വിഡിയോ കോൾ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇതിനോട് പ്രതികരിക്കാനോ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. വാട്സാപ്പ്, ഫേസ്‌ബുക്ക് മെസഞ്ചർ, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോൽഗ് ആപ്ലിക്കേഷനുകൾ രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് എതെങ്കിലും ഒരു നിയമം അനുസരിച്ചല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോൾ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടികൾ. ലൈസൻസ് ഇല്ലതെ പ്രവർത്തിക്കുന്ന ആപ്പുകളെ ആദ്യ പടിയായി രാജ്യത്ത് നിരോധിക്കും. ലൈസൻസ് നേടാൻ അവസരം നൽകിയാകും നടപടി സ്വീകരിക്കുക എന്നാണ് വിവരം. ലൈസൻസിങ് സംവിധാനം തയാറാക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ടെലികമ്യൂണിക്കേഷൻ മന്ത്രലയം അഭിപ്രായം ആരാഞ്ഞു.

പുതിയ ഐടി നിയമങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവർത്തിക്കുന്ന വിഡിയോ കോൾ ആപ്പുകളെ വിലക്കി ഉടൻ കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിക്കും. സ്‌കൈപ്പ്, ഫേസ്‌ബുക്ക് മെസഞ്ചർ, വാട്സാപ്പ് പോലുള്ള കോളിങ് ആപ്ലിക്കേഷനുകൾക്ക് ചുരുങ്ങിയത് ലൈസൻസിങ് നടപടികൾ പൂർത്തീകരിക്കുന്ന കാലയളവ് വരെയെങ്കിലും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാകും ഇത് ഉണ്ടാക്കുക.

അതേസമയം മെയ് 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ സേവനങ്ങളെ ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് വാട്‌സാപ്പ് അറിയിച്ചു. രാജ്യത്ത് പുതിയ ഐടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് നേരത്തെ കൈകൊണ്ട നിലപാട് ഭേദഗതിപ്പെടുത്തി വാട്സാപ്പ് മലക്കംമറിഞ്ഞത്.