കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ശക്തമായ അഗ്‌നിപർവത സ്‌ഫോടനം. കോംഗോയിലെ പ്രധാന നഗരമായ ഗോമ സിറ്റിക്ക് സമീപമുള്ള അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. ലോകത്തെ സജീവ അഗ്‌നിപർവതങ്ങളിലൊന്നായ നൈരു ഗോംഗോ ആണ് പൊട്ടിത്തെറിച്ചത്.

അഗ്‌നിപർവത സ്‌ഫോടനത്തിനു പിന്നാലെ പ്രാണരക്ഷാർഥം ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്ത്. ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകൾ സമീപ രാജ്യമായ റുവാൻഡയുടെ അതിർത്തിയിലേക്ക് കാൽനടയായി പലായനം തുടങ്ങുകയായിരുന്നു. 2002ലെ അഗ്‌നിപർവത ദുരന്തത്തിന് സമാനമായ സാഹചര്യമാണ് നിലവിലെന്നാണ് ആശങ്ക.

ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച സ്‌ഫോടനത്തെ തുടർന്ന് ആയിരക്കണക്കിന് നാട്ടുകാർ അതിർത്തി കടന്ന് അയൽ രാജ്യമായ റുവാൻഡയിൽ എത്തിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവർ സ്‌കൂളുകളിലും ആരാധനാലയങ്ങളിലും അഭയം തേടിയിരിക്കുകയാണ്.



സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ജീൻ മൈക്കൽ ലുേക്കാൻഡെ അടിയന്തര യോഗം വിളിച്ചിരുന്നു. ലാവയുടെ തീവ്രത കുറഞ്ഞതായാണ് നീരീക്ഷണ സംഘം നൽകുന്ന വിവരം.

ഗോമയിലെ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ ലാവ എത്തിയതായി അധികൃതർ അറിയിച്ചു. ഏകദേശം 20 ലക്ഷം ആളുകളാണ് നഗരത്തിൽ താമസിക്കുന്നത്. ലാവാ പ്രവാഹം തുടർന്നാൽ അതിലും വലിയ ദുരന്തമാകും ഫലമെന്നാണ് വിലയിരുത്തൽ.



മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെയുണ്ട്. അപകടത്തിൽ നിരവധി കെട്ടിടങ്ങൾ നശിച്ചു. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 2002ൽ നൈരു ഗോംഗോ അഗ്‌നിപർവതം പൊട്ടിത്തെറിച്ച് 250 പേർ മരിച്ചിരുന്നു. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നേകാൽ ലക്ഷത്തോളം ആളുകൾക്കാണ് അന്നു വീട് നഷ്ടമായത്.