തിരുവനന്തപുരം: സിപിഐയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ചതിൽ പ്രധാനിയായ എൻ ശങ്കരയ്യക്ക് നൂറാം ജന്മദിനം. 1964 ൽ സിപിഐയിൽ നിന്ന് ഇറങ്ങി വന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളാണ് എൻ ശങ്കരയ്യ. മറ്റൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ്.

ശങ്കരയ്യ നൂറിന്റെ നിറവിലെത്തിയപ്പോൾ വിപ്ലവ ഓർമ്മകൾ പങ്കുവച്ചും ജന്മദിനാശംസകൾ അറിയിച്ചും കൊണ്ട് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി.

വിഎസിന്റെ ആശംസ

സിപിഎം എന്ന മഹാപ്രസ്ഥാനത്തിന് മുമ്പേ നടക്കുന്ന, പ്രായം തളർത്താത്ത വിപ്ലവകാരിയാണ് സഖാവ് എൻ ശങ്കരയ്യ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 പേരിൽ, എന്നോടൊപ്പം അവശേഷിച്ചിട്ടുള്ള ഏക ചരിത്ര പുരുഷൻ.

നൂറ് വയസ്സ് തികയുന്ന അദ്ദേഹവും പ്രായത്തിൽ അൽപ്പം മാത്രം പിന്നിൽ നിൽക്കുന്ന ഞാനും അവസാനമായി തമ്മിൽ കണ്ട് കൈപിടിച്ചത് 2018 ൽ സിപിഐ എമ്മിന്റെ ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ് വേദിയിൽ വച്ചാണ്.

ബിരുദ പഠനം പൂർത്തിയാക്കാൻ ഏതാനും ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിദ്യാർത്ഥി നേതാവായ ശങ്കരയ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. പിന്നീട് അദ്ദേഹം ബിരുദത്തിനു പിന്നാലെ പോയില്ല. പൊതു മണ്ഡലത്തിലേക്കിറങ്ങി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം പൊരുതി മുന്നേറി.

പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായും അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായും നിയമസഭാംഗമായുമെല്ലാം ദീർഘകാലം പ്രവർത്തിച്ചതിന്റെ ഊർജവും ആവേശവും എന്നെന്നും നിലനിർത്തുന്ന പോരാളിയായി പ്രിയ സഖാവിന് ഇനിയും ദീർഘകാലം തുടരാനാവട്ടെ എന്ന് ആശംസിക്കുന്നു.