ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിനായി വീണ്ടും ഒരിക്കൽ കൂടി സൗരവ് ഗാംഗുലിയും, രാഹുൽ ദ്രാവിഡും, വി.വി എസ് ലക്ഷ്മണും ഒന്നിക്കുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) തലവനായി വി.വി എസ് ലക്ഷ്മൺ ചുമതലയേൽക്കാൻ തയ്യാറായതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ അതികായന്മാർ മൂവരും വീണ്ടും ഒന്നിക്കുന്നത്.

എൻസിഎ തലവൻ സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യൻ മുൻ ബാറ്റർ വിവി എസ് ലക്ഷ്മൺ ചുമതലയേൽക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് സ്ഥിരീകരിച്ചത്. രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കാമെന്ന് സമ്മതിച്ചതോടെയാണ് എൻസിഎയിൽ ഒഴിവ് വന്നത്.

ദ്രാവിഡിന് പകരക്കാരനാകാൻ ബിസിസിഐ ലക്ഷ്മണെ സമീപിച്ചിരുന്നു. തുടക്കത്തിൽ വിസമ്മതിച്ചെങ്കിലും പിന്നീട് അദ്ദേഹം സമ്മതം മൂളിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. എൻസിഎ തലവനായി ലക്ഷ്മൺ തന്നെ വരണമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും ആഗ്രഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ എയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷമാവും ലക്ഷ്മൺ ചുമതലയേൽക്കുക. ദ്രാവിഡും ലക്ഷ്മണും തമ്മിൽ നല്ല അടുപ്പമുണ്ട്. ഇത് ടീം ഇന്ത്യയും എൻസിഎയും തമ്മിൽ കൂടുതൽ യോജിച്ച് മുൻപോട്ട് പോകുന്നതിന് വഴിയൊരുക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു.ലക്ഷ്മൺ നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററും ക്രിക്കറ്റ് കമന്റേറ്ററുമാണ്.

'എൻസിഎ തലവനായി വിവി എസ് ലക്ഷ്മൺ വരണമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും ആഗ്രഹം. എന്നാൽ അന്തിമ തീരുമാനം വിവിഎസിന്റേതാണ്. തലവൻ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നയാളാണ് ലക്ഷ്മൺ. ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡുമായി അദ്ദേഹത്തിനുള്ള പ്രത്യേക സൗഹൃദം മറക്കാനാവില്ല. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ കഴിയുന്ന കൃത്യമായ ജോഡിയാണ് ഇരുവരും. പുതിയ തലമുറ താരങ്ങളെ വളർത്തിയെടുക്കാൻ മുൻതാരങ്ങൾ വരുന്നത് വിലമതിക്കാനാവാത്തതാണ്' എന്നും ബിസിസിഐ വൃത്തങ്ങൾ നേരത്തെ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കിയിരുന്നു.

വലിയ അംഗീകാരമെന്ന് ദ്രാവിഡ്
'ടീം ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിക്കുന്നത് വലിയ അംഗീകാരമാണ്. രവി ശാസ്ത്രിക്ക് കീഴിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. അത് തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നാണ് വിശ്വാസം. നിലവിലെ ടീമിലുള്ള മിക്ക താരങ്ങളുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലോ, അണ്ടർ 19 തലത്തിലോ, എ ടീമിലോ പ്രവർത്തിച്ചിട്ടുണ്ട്. പ്രതിഭ മിനുക്കിയെടുക്കാൻ ഉത്സാഹമുള്ള താരങ്ങളാണ് എല്ലാവരും' എന്നും ദ്രാവിഡ് നേരത്തെ പ്രതികരിച്ചിരുന്നു.

ട്വന്റി 20 ലോകകപ്പോടെയാണ് രവി ശാസ്ത്രി നേതൃത്വം നൽകിയിരുന്ന പരിശീലക സംഘം സ്ഥാനമൊഴിഞ്ഞത്. ഇതോടെയാണ് പകരക്കാരനായി മുൻ നായകൻ കൂടിയായ ദ്രാവിഡിനെ ആർ പി സിങ്, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഈ മാസം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ടെസ്റ്റ് പരമ്പരകളിൽ ദ്രാവിഡ് പരിശീലകനായി ചുമതലയേൽക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ടീം ഇന്ത്യ കളിക്കേണ്ടത്.