വടക്കഞ്ചേരി: വീണ്ടും കേരളത്തെ നാണം കെടുത്താൻ ഒരു പഞ്ചവടിപാലം കൂടി. പലാരിവട്ടം പാലത്തിന്റെ ഗതി മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിനും വരുമോ എന്നതാണ് ഉയരുന്ന സംശയം. ഈ മേൽപ്പാലത്തിന്റെ 33 ഭാഗങ്ങൾ ഇതുവരെ പൊളിച്ചു. മുൻപു പൊളിച്ചു നിർമ്മാണം നടത്തിയ സ്ഥലങ്ങളും വീണ്ടും കുത്തിപ്പൊളിക്കുകയാണ്.

പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെട്ടതോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാലത്തിനു മുകളിലെ ടാറിങ് പൊളിച്ചു നിർമ്മാണം നടത്തുന്നത്. പാലം തന്നെ പൊളിക്കേണ്ടി വരുമോ എന്ന സംശയവും ശക്തം. 420 മീറ്റർ നീളലുള്ള പാലത്തിന്റെ നിർമ്മാണപ്പാളിച്ച മൂലം ടാറിങ് കുത്തിപ്പൊളിച്ചു വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തുന്നതു തുടരുമ്പോൾ പാലത്തിന്റെ സുരക്ഷയിൽ ആശങ്കയും ഉണ്ട്. ബീമുകൾ ചേരുന്ന ഭാഗത്ത് ഉരുക്കുപാളി ഘടിപ്പിച്ചു ബലപ്പെടുത്താത്തതാണ് ഇതിന് കാരണം. വീണ്ടും പൊളിക്കുന്നതിന്റെ യുക്തി എന്തെന്നു മാത്രം ആരും പറയുന്നില്ല.

പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. പാലത്തിന്റെ പണികൾ വിദഗ്ധ തൊഴിലാളികളെ വെച്ചല്ല ചെയ്തതെന്നും മേൽനോട്ടത്തിന് ആളില്ലായിരുന്നെന്നും ആരോപണമുണ്ട്. ദേശീയപാത അഥോറിറ്റിയും ആവശ്യത്തിനു പരിശോധന നടത്തിയില്ല. മഴ പെയ്തതോടെ റോഡിൽ നിരപ്പു വ്യത്യാസവും പ്രകടമാണ്.

ചിലയിടങ്ങളിൽ റോഡിൽ വിള്ളലും വീണിട്ടുണ്ട്. റോയൽ ജംക്ഷനിൽ നിന്നാരംഭിക്കുന്ന ആറുവരിപ്പാത മേൽപാലവും മേൽപാതയും കടന്നു രണ്ടു കിലോമീറ്റർ അകലെ തേനിടുക്കിലാണ് അവസാനിക്കുന്നത്. പാത പൂർത്തിയായി ഗതാഗതം ആരംഭിച്ചെങ്കിലും പൊളിക്കൽ എന്നു തീരുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാകുന്നു. 420 മീറ്റർ നീളമുള്ള പാലത്തിന്റെ പല ഭാഗത്തും നിർമ്മാണപാളിച്ച കാരണം ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. അന്ന് മുതൽ ഇവിടെ പണിയാണ്. എട്ട് തവണ ഇതിന് ശേഷം പാലം അടച്ചിട്ട് പണി നടത്തി. മേൽപാലത്തിന്റെ ഉറപ്പും സുരക്ഷയും പരിശോധിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധനയില്ലാതെയാണു പാത തുറന്നുകൊടുത്തത്. വിദഗ്ധരെക്കൊണ്ടു പരിശോധന നടത്താൻ ദേശീയപാത അഥോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മേൽപാതയുടെ ബലക്ഷയം സംബന്ധിച്ചു നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു വടക്കഞ്ചേരി ജനകീയവേദി ഭാരവാഹികൾ പറഞ്ഞു.

ഉദ്ഘാടന ദിവസംതന്നെ മേൽപാലത്തിൽ നടന്ന അപകടത്തിൽ 2 യുവാക്കൾ മരിച്ചിരുന്നു. മംഗലംപാലത്തു നിന്നു സർവീസ് റോഡില്ലാത്തതിനാൽ തെറ്റായ ദിശയിൽ വന്ന യുവാക്കൾ മേൽപാലത്തിലേക്കു പ്രവേശിക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു.