കൊച്ചി: രണ്ടര പതിറ്റാണ്ട് പിന്നിട്ട അഭയ കേസിൽ നിർണായകമായത് ജോമോന് പുത്തൻപുരയ്ക്കൽ എന്ന നീതിമാന്റെ ഇടപെടലും കൂടാതെ രാജുവെന്ന മോഷ്ടാവിന്റെ നീതിബോധവുമായിരുന്നു. ഇനിയും തുമ്പില്ലാതിരിക്കുന്ന വാളയാർ കേസിലെ ഇരകൾക്ക് നീതി തേടിയുള്ള പോരാട്ടത്തിൽ ഇരുവരും പങ്കാളികളാുകയാണ്. ഇന്നലെ കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജോമോൻ പുത്തൻ പുരയ്ക്കലും മുഖ്യസാക്ഷി രാജുവും മാതാപാതാക്കൾക്ക് ഒപ്പം സമരത്തിൽ അണിചേർന്നു.

''അഭയ സിസ്റ്ററിനെ ഞാനെന്റെ മക്കളെപോലെയാ കണ്ടത്. അതുകൊണ്ടാ ആ കൊച്ചിന് നീതി കിട്ടും വരെ ഒപ്പം നിന്നത്. ഇപ്പൊ നിങ്ങടെ മക്കളും എന്റെ സ്വന്തം മക്കളെ പോലെത്തന്നെയാ. കൂടെയുണ്ടാവും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ'' എന്നു പ്രഖ്യാപിച്ചു അഭയ കേസിലെ മുഖ്യസാക്ഷി രാജു. രാജുവിന്റെ വാക്കുകളിൽ പ്രതീക്ഷ കണ്ട മാതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായരുന്നു.

അഭയയുടെ പോരാളികൾ വാളയാർ അമ്മയോടൊപ്പം എന്ന പേരിൽ വാളയാർ നീതി സമരസമിതി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒപ്പമുണ്ടാവുമെന്ന് പറഞ്ഞ രാജു ആ കുടുംബത്തെ ചേർത്തുപിടിച്ച രംഗം കണ്ടു നിന്നവരെയും വികാരാധീനരാക്കി. സിസ്റ്റർ അഭയയുടെ കേസിൽ നീതി കിട്ടിയപ്പോൾ അനുഭവിച്ച സംതൃപ്തി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുകൊണ്ട് അദ്ദേഹം ഐക്യദാർഢ്യപ്രഖ്യാപനവും നടത്തി.

എത്ര സമ്മർദം ഉണ്ടായാലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് തന്റെ ജീവിതത്തിന്റെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ നടന്ന പരിപാടി അഭയയുടെ നീതിക്കായി വർഷങ്ങളോളം പോരാടിയ ജോമോൻ പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്തു. കേസിൽ വിധിവന്ന ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. അൽപം വൈകിയാലും വാളയാർ മാതാപിതാക്കൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാണെന്ന് ജോമോൻ പറഞ്ഞു.

അഭയ കേസിൽ നീതി ലഭിക്കുമെന്ന് വിശ്വസിച്ചവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പോരാട്ടം തുടരാൻ തീരുമാനിച്ചതാണ് വിജയത്തിന് കാരണം. ദൈവം ഇരയോടൊപ്പമാണ് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരസമിതി അധ്യക്ഷൻ വിളയോടി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എ. ജയശങ്കർ, തോമസ് മാത്യു, അഡ്വ. ജലജ മാധവൻ, വി എം. മൈക്കിൾ, താര ടോജോ അലക്‌സ്, എലിസബത്ത് റാണി, റാണി ആൻേറാ, വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ സംസാരിച്ചു. വി എം. മാർസൽ അധ്യക്ഷത വഹിച്ചു. സലിൽ ലാൽ അഹമ്മദ് സ്വാഗതവും അനിത ഷിനു നന്ദിയും പറഞ്ഞു.