കേരളത്തിൽ ഓക്സിജൻ വിതരണം ചെയ്യുന്ന സതേൺ എയർ പ്രൊഡക്ടസ് പികെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരുടെ ബിനാമി സ്ഥാപനമാണെന്ന കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ആരോപണത്തിൽ പ്രതികരിച്ച് ഉടമ വിജയൻ നമ്പ്യാരും ശ്രീമതി ടീച്ചറും.

താനും ശ്രീമതിയും തമ്മിൽ യാതൊരു കുടുംബ ബന്ധവുമില്ല. തങ്ങൾ കണ്ണൂരിലെ നമ്പ്യാന്മാരാണ്. അത്തരത്തിലുള്ള ഒരു ബന്ധമുണ്ടാവും എന്നല്ലാതെ മറ്റൊരു ബന്ധവുമില്ലെന്ന് വിജയൻ നമ്പ്യാർ പറഞ്ഞു. എന്റെ മകളുടെ കല്ല്യാണത്തിന് രണ്ട് വർഷം മുമ്പേ ടീച്ചർ വന്നിട്ടുണ്ടായിരുന്നു അനുഗ്രഹിച്ചു. അല്ലാത്ത ബന്ധമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

'ടീച്ചറുടെ മകൻ സുധീൻ നമ്പ്യാരെ എനിക്ക് അറിയില്ല. ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ തങ്ങളെ വലിച്ചിഴക്കരുത്.' - വിജയൻ നമ്പ്യാർ പറഞ്ഞു.

വിജയൻ നമ്പ്യാരെ അറിയില്ലെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെങ്കിൽ അത് തെളിയിക്കാൻ പിടി തോമസിനെ ശ്രീമതി വെല്ലുവിളിക്കുകയും ചെയ്തു.

'വിജയൻ നമ്പ്യാർ എന്ന പേര് തന്നെ എനിക്ക് അറിയില്ല. ഞങ്ങൾ നമ്പ്യാർ സമുദായത്തിൽപ്പെട്ടതാണ്. കണ്ണൂരാണെന്നും കേട്ടു. വിജയൻ നമ്പ്യാരെ കണ്ടിട്ടില്ല.ഒരു വിവാഹ ബന്ധത്തിലൂടെ പോലും ഞങ്ങൾ ബന്ധമുണ്ടെങ്കിൽ ഞാൻ അറിയില്ലേ. മകന്റെ ബിനാമി ആണെന്നാണ് പറയുന്നത്. എങ്കിൽ തെളിയിക്കട്ടെ. അതിനാണ് വക്കീൽ നോട്ടീസ് അയച്ചത്. എന്റെ മകന് ഒരു കമ്പനിയിലും പാർട്ട്ണർഷിപ്പ് ഇല്ല. അവൻ ഇന്ന് ജോലി ഇല്ലാതെ സാമ്പത്തികമായി പ്രയാസത്തിലാണ്. തിരുവനന്തപുരത്ത് ഫ്‌ളാറ്റിന് പോലും വാടക കൊടുക്കാൻ ഇല്ലാതെ തിരിച്ചുവന്നിരിക്കുകയാണ്.' എന്നും പികെ ശ്രീമതി ടീച്ചർ പറഞ്ഞു.

വിജയൻ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സതേൺ എയർപ്രൊഡക്ട് കേരളത്തിൽ കൃത്രിമ ഓക്‌സിജൻ ക്ഷാമം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പിടി തോമസ് എംഎൽഎ ആരോപിച്ചിരുന്നു. അത് ശ്രീമതി ടീച്ചറുടെ മകൻ സുധീർ നമ്പ്യാരുടെ ബിനാമി സ്ഥാപനമാണെന്നും വിജയൻ നമ്പ്യാരുടെ അവരുടെ ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞു.

'മെഡിക്കൽ ഓക്സിജൻ 70 ടൺ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോൾ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂവെന്ന് സർക്കാർ ഉറപ്പ് വരുത്തണം. സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകും. സതേൺ എയർപ്രൊഡക്ട് എന്ന കമ്പനിക്കാണ് ഓക്സിജൻ വിതരണാവകാശത്തിന്റെ കുത്തക. ഓക്സിജൻ രോഗികളുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. എന്നാൽ ഇത് മറച്ചുവെക്കുന്നു.' എന്നായിരുന്നു പിടി തോമസ് പറഞ്ഞത്.