കോഴിക്കോട്: വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ ശക്തമാക്കി താഴെത്തട്ടിൽ നിന്നുതന്നെ സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വനിതാ കമ്മീഷൻ മേഖലാ ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ.

ജാഗ്രതാ സമിതികൾ സംബന്ധിച്ച് വാർഡുകൾ തോറും പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ഇതുവഴി സ്ത്രീകളുടേയും കുട്ടികളുടേയും വയോജനങ്ങളുടേയും പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കും. പഞ്ചായത്ത് തലത്തിൽ കൗൺസലിങ് കൂടുതൽ ഊർജ്ജിതപ്പെടുത്തും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുമെന്നും അവർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഡ്വ. പി സതീദേവിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.