മലപ്പുറം: രണ്ടാം പിണറായി സർക്കാർ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് താനൂരിലെ ജനങ്ങൾ നൽകിയത് ആവേശകരമായ സ്വീകരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൂലക്കലിലെ ഓഫീസിൽ വച്ചായിരുന്നു സ്വീകരണം. താനൂരിലെ പാർട്ടി കാരണവരും, സിപിഐ എം മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന ഇ ഗോവിന്ദനെ വീട്ടിൽ സന്ദർശിച്ചായിരുന്നു ഓഫീസിലെത്തിയത്.

മുദ്രാവാക്യം വിളിച്ചും, പടക്കം പൊട്ടിച്ചും, ഹാരാർപ്പണം നടത്തിയുമാണ് പ്രവർത്തകർ മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് മധുരവിതരണം. താനൂർ നിയോജക മണ്ഡലത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയാണ് വി അബ്ദുറഹ്മാൻ മന്ത്രി പദത്തിൽ എത്തിയത്.

പ്രവർത്തകരോട് കുശലാന്വേഷണം നടത്തി അൽപസമയം ഓഫീസിൽ ചെലവഴിച്ച് മലപ്പുറത്തേക്ക് പോയി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മന്ത്രി സ്ഥാനം ലഭിച്ചതിൽ ആഘോഷം സംഘടിപ്പിക്കാനാവാത്തതിന്റെ വിഷമത്തിലാണ് താനൂരിലെ ജനത.