മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ എന്ന ചോദ്യവുമായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആണ് സുശാന്ത് എങ്ങനെയാണ് മരിച്ചതെന്ന് വെളിപ്പെടുത്തണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടത്. കേസന്വേഷണ റിപ്പോർട്ട് സിബിഐ എത്രയും വേഗം പുറത്തുകൊണ്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണക്കേസിൽ അന്വേഷണം സംബന്ധിച്ച സിബിഐയുടെ റിപ്പോർട്ടിനായി മഹാരാഷ്ട്രയിലേയും രാജ്യത്തിലേയും ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. കേസിന്റെ അവസ്ഥയെക്കുറിച്ച് ആളുകൾ എന്നോട് ചോദിക്കുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വെളിപ്പെടുത്താൻ ഞാൻ സിബിഐയോട് അഭ്യർത്ഥിക്കുന്നു.. മന്ത്രി പറഞ്ഞു.

ജൂൺ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. വാർത്ത പുറത്തുവന്ന ശേഷം ബോളിവുഡിനും പ്രമുഖ സംവിധായകർക്കും നടന്മാർക്കുമെതിരെ പ്രചാരണം നടക്കുന്നതാണ് കണ്ടത്. കരൺ ജോഹറും സൽമാൻ ഖാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും, സ്വജനപക്ഷപാതിത്വമാണ് സുശാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു ആരോപണങ്ങൾ. പിന്നീട് ഈ ആരോപണങ്ങൾ നാർക്കോട്ടിക്‌സ് ബ്യൂറോയിലേക്കാണ് പോയത്. മയക്കുമരുന്ന് അന്വേഷണം വരെ ഇതുമായി ബന്ധപ്പെട്ട് നടന്നു. പല ബോളിവുഡ് താരങ്ങളെയും കേസിൽ ചോദ്യം ചെയ്തു.

1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ‘കായ് പോ ഛെ' ആണ് ആദ്യ ചിത്രം. അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാൻസ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. എം.എസ്.ധോണി; ദി അൺടോൾഡ് സ്റ്റോറിയിലെ ടൈറ്റിൽ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2019ൽ പുറത്തിറങ്ങിയ ‘ചിച്ചോരെ' ആണ് അവസാന ചിത്രം.