തിരുവനന്തപുരം: എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ തന്റെ വസതിയിൽ എത്തിയ വാട്ടർ ബിൽ കണ്ട് ശരിക്കുമൊന്ന് ഞെട്ടി..! എങ്ങനെ ഞെട്ടാതിരിക്കും? അത്രയ്ക്ക് വലിയ തുകയാണ് ബില്ലിൽ ഉണ്ടായിരുന്നത്. 70,258 രൂപയുടെ വാട്ടർ ബിൽലാണ് അദ്ദേഹത്തിന് നാല് മാസത്തെ ഉപഭോഗമെന്ന വിധത്തിൽ ലഭിച്ചത്. എഴുത്തുകാരൻ പരാതി നൽകിയതോടെ ബിൽ കുറഞ്ഞതാകട്ടെ 197 രൂപയിലേക്കും.

വഴുതക്കാട് ഈശ്വരവിലാസം റോഡിലാണ് മേതിൽ വാടകയ്ക്കു താമസിക്കുന്നത്. ഏപ്രിലിലെ വാട്ടർ ബിൽ 48 രൂപ മാത്രമായിരുന്നു. മെയ്‌, ജൂൺ മാസങ്ങളിൽ റീഡിങ് എടുത്തില്ല ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ബില്ലാണു കഴിഞ്ഞ ദിവസം ലഭിച്ചത്. കുടിശിക ഇനത്തിൽ 51,656 രൂപയും വാട്ടർ ചാർജായി 18,592 രൂപയും ഉൾപ്പെടെ ആകെ 70,258 രൂപ.

വൻ തുക കണ്ട് ഞെട്ടിയത് മേതിൽ രാധാകൃഷ്ണനാണ്. പിന്നാലെ ശനിയാഴ്ചയ്ക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. അതോടെ എക്‌സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി. മറ്റൊരു ഉപഭോക്താവിന്റെ റീഡിങാണ് മേതിലിന്റെ ബില്ലിൽ തെറ്റായി രേഖപ്പെടുത്തിയതെന്നു ജലഅഥോറിറ്റി വിശദീകരിച്ചു.

ഇതിനിടെ മന്ത്രി റോഷി അഗസ്റ്റിലും വിഷയത്തിൽ ഇടപെട്ടു. വീണ്ടും റീഡിങ് എടുക്കാൻ നിർദ്ദേശം നൽകി. അപാകത കണ്ടെത്തിയതോടെ ബിൽ തുക 197 രൂപയായി കുറക്കുകയായിരുന്നു. 2 മാസത്തിലൊരിക്കൽ മീറ്റർ റീഡർമാർ വീടുകളിലെത്തി സ്‌പോട് ബിൽ നൽകുന്ന സംവിധാനമായിരുന്നു നേരത്തെയുണ്ടായിരുന്നത്.

ഇതിനു പകരം, റീഡിങ് എടുത്ത ശേഷം ഓഫിസിലെത്തി റീഡിങ് രജിസ്റ്ററിലും കംപ്യൂട്ടറിലും രേഖപ്പെടുത്തിയ ശേഷം എസ്എംഎസായി ഉപഭോക്താക്കൾക്കു ബിൽ നൽകുന്ന സംവിധാനം ഏർപ്പെടുത്തിയതോടെയാണു പരാതികൾ വ്യാപകമായത്. ദിവസം ശരാശരി 25 പരാതികൾ ലഭിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.