ആലപ്പുഴ: കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിനെക്കാൾ കുട്ടനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. രാത്രിയിൽ ജലനിരപ്പ് ഉയരും. ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പാണ്ടനാട്ടും തിരുവൻവണ്ടൂരും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലം രാവിലെയോടെ ചെങ്ങന്നുർ, കുട്ടനാട് മേഖലയിലെത്തുമെന്നും ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

തീരത്ത് താമസിക്കുന്ന മുഴുവൻ ജനങ്ങളെയും മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വരെയാണ് തുറന്നത്. തീരപ്രദേശത്തെ 12 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കക്കി ഡാമിൽ നിന്നും ഒഴുക്കി വിടുന്ന അധികജലം പമ്പ തൃവേണിയിലാണ് ആദ്യം എത്തിച്ചേരുന്നത്.