ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ ഇലക്ഷന് തൊട്ടുമുമ്പ് നിർണ്ണായക പ്രഖ്യാപനവുമായി തെലുങ്കാന മുഖ്യമന്ത്രിയും ടിആർഎസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖർ റാവു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൈദരാബാദ് നഗരത്തിൽ സൗജന്യമായി വെള്ളം നൽകുമെന്നാണ് പ്രഖ്യാപനം. തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിൽ കയറ്റിയാൽ ഡിസംബർ മുതൽ 20,000 ലിറ്റർ വെള്ളം വീതം സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം.

ഇതിനൊപ്പം സലൂണുകൾ, ലോൺഡ്രികൾ, ധോബി ഘട്ടുകൾ എന്നിവയ്ക്ക് ഡിസംബർ മുതൽ വൈദ്യുതി സൗജന്യം മാർച്ചിനും സെപ്റ്റംബറിനും ഇടയിൽ ആറു മാസത്തേക്ക് വാഹന നികുതിയിൽ ഇളവ് എന്നിവയാണ് വാഗ്ദാനം. ഡിസംബർ മുതൽ മാസം 20,000 ലിറ്റർ വരെ കുടിവെള്ളം സൗജന്യമായി നൽകുന്നത് നഗരത്തിൽ താമസിക്കുന്ന 97 ശതമാനം ആൾക്കാർക്കും ഗുണമുണ്ടാകുമെന്ന് പാർട്ടിയുടെ പ്രകടന പത്രികയിൽ പറയുന്നു. ഡിസംബർ 1 മുതൽ 150 ഡിവിഷനിലേക്കാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അരവിന് കെജ്രിവാൾ നയിക്കുന്ന ഡൽഹി സർക്കാർ മാസം 20,000 കുടിവെള്ളം ഡൽഹി നിവാസികൾക്ക് സൗജന്യമായി നൽകുന്നുണ്ട്. നിലവിൽ തെലുങ്കാന സലൂണുകൾക്ക് വൈദ്യൂതി നിരക്കിൽ ഇളവുകൾ നൽകുന്നുണ്ട്. ഇതിന് പുറമേയാണ് സംസ്ഥാനത്തുടനീളമുള്ള ലോൻഡ്രികൾക്കും സൗജന്യം നൽകുന്നത്. തെലുങ്കാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൂടുതൽ ഗുണകരമാകുക പിന്നാക്കക്കാരായ ആൾക്കാർക്കാകുമെന്നാണ് വിലയിരുത്തൽ. വ്യവസായ മേഖലകളെയും വാണിജ്യ സ്ഥാപനങ്ങളെയും കോവിഡ് കാലത്ത് തുണയ്ക്കുന്നതിനായിട്ടാണ് ആറു മാസത്തേക്ക് വൈദ്യൂതി ബില്ലിൽ ഇളവ് വരുത്തുന്നതെന്നും തെലുങ്കാനമുഖ്യമന്ത്രി പറയുന്നു.

ആറു മാസത്തേക്ക് വാഹനങ്ങൾക്ക് നികുതി ഇളവ് നൽകുമ്പോൾ മൂന്ന് ലക്ഷം വാഹനങ്ങൾക്കാണ് അതിന്റെ ഗുണം കിട്ടുക. ടോളിവുഡിലെ താരങ്ങളുടെയും നിർമ്മാതാക്കളുടെയും പ്രദർശന ശാലകളുടെയും നിരന്തര സമ്മർദ്ദത്തിന്റെ ഭാഗമായി സിനിമാശാലകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തുമാറ്റാനും നീക്കമുണ്ട്. പ്രദർശനം നിയന്ത്രിച്ചും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചും പ്രദർശന ശാലകൾ തുറക്കാനും സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. സിനിമാ നിർമ്മാണ മേഖലയിലൂടെ മാത്രം 18 ശതമാനം ജിഎസ്ടിയാണ് സർക്കാർ സ്വരൂപിക്കുന്നത്. നിലവിൽ തെലുങ്കാനയിൽ സിനിമ നിർമ്മിക്കുന്ന ബഡ്ജറ്റ് 10 കോടിയാണ്.