ന്യൂഡൽഹി: കർഷക പ്രക്ഷോഭം അക്രമാസക്തമായാൽ സമരം പരാജയപ്പെടുമെന്ന് കർഷകർക്ക് മുന്നറിയിപ്പ് നൽകി കർഷക സംഘടന നേതാക്കൾ. കർഷക പ്രക്ഷോഭത്തിനെതിരെ സർക്കാരുകൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ബൽബീർ സിങ് രജേവാൾ നടത്തിയ വാർത്താ സമ്മേളനത്തിലും ആവർത്തിച്ച് ആവശ്യപ്പെട്ടത് ഇക്കാര്യമാണ്.

പ്രക്ഷോഭം സമാധാനപരമല്ലെങ്കിൽ ജയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ പ്രതിഷേധം സമാധാന പൂർവമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകരെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ''പ്രക്ഷോഭം നടക്കുന്നതിനിടെ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. സർക്കാർ കർഷകരുടെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധനപൂർവം പ്രതിഷേധിക്കാൻ ഞാൻ മുഴുവൻ കർഷകരോടും അഭ്യർഥിക്കുകയാണ്. പ്രതിഷേധം സമാധാനപരമല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിജയിക്കുക.'' -രജേവാൾ പറഞ്ഞു.

''സമാധാനപൂർവമുള്ള പ്രതിഷേധ സമരത്തിൽ ചേരാനായി ജനങ്ങളോട് ഞാൻ അഭ്യർഥിക്കുകയാണ്. ആരെങ്കിലും പ്രേരിപ്പിച്ചാൽ പോലും വികാരത്തിന് വശപ്പെട്ട് ഒന്നും ചെയ്യരുത്. നമ്മൾ യുദ്ധത്തിനല്ല പോകുന്നതെന്ന കാര്യം നമ്മുടെ മനസ്സിലുണ്ടാകണം. ഇത് നമ്മുടെ രാജ്യവും നമ്മുടെ സർക്കാറുമാണ്. ''-രജേവാൾ കൂട്ടിച്ചേർത്തു. റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലി ചിലയിടങ്ങളിൽ സംഘർഷത്തിലേക്ക് എത്തിയിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതിൽ 400-ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 30 പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 38 കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തതായും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സിംഘുവിൽ നിന്നും ഒരു മാധ്യമ പ്രവർത്തകനെ ഡൽഹി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കാരവൻ മാഗസിനു വേണ്ടി പ്രവർത്തിക്കുന്ന മൻദീപ് പുനിയയെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് വ്യാഴാഴ്ച വരെ 22 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജനുവരി 26ന് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ 13-ലധികം കർഷക നേതാക്കൾക്കും പ്രവർത്തകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, മേധ പട്കർ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രക്ഷോഭത്തെ തുടർന്ന് നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രാക്ടർ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡൽഹിയിലെത്തിയ കർഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടന പറഞ്ഞിരുന്നു.

സംഘർഷ സാധ്യത മുൻനിർത്തി ഹരിയാനയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ പതിനാറ് സ്ഥലങ്ങളിൽ നാളെ വൈകുന്നേരം 5 മണി വരെ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. ആകെയുള്ള 22 ജില്ലകളിൽ 18 ഇടങ്ങളിലും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടിത പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സമരം നടക്കുന്ന അതിർത്തികളിലേക്കുള്ള എല്ലാ റോഡുകളും കോൺക്രീറ്റ് സ്ളാബ് ഉപയോഗിച്ച് പൊലീസ് പൂർണമായി അടച്ചു. കാൽനട സഞ്ചാരം പോലും നിരോധിച്ചു. അതിർത്തി പൂർണമായി അടക്കുന്നത് ചോദ്യം ചെയ്തെത്തിയ കർഷക നേതാവ് രാകേഷ് ടിക്കായത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

ചെങ്കോട്ട അക്രമത്തിന് പിന്നാലെ സമരത്തിൽ നിന്ന് ഒരുപാട് കർഷകർ തിരിച്ചുപോയിരുന്നു. ഇന്നലെയും ഇന്നുമായി ഇതിൽ വലിയൊരു വിഭാഗംതിരിച്ചെത്തി. ഹരിയാനയിൽ നിന്ന് 2000 ട്രാക്ടറുകൾ കൂടി ഇന്നെത്തി. കർഷകരുടെ എണ്ണം കൂടിയതോടെ ഗസ്സിപ്പൂർ ഒഴിപ്പിക്കാനുള്ള നീക്കം യു.പി പൊലീസ് ഉപേക്ഷിച്ചിരുന്നു.