ധാക്ക: ബം​​ഗ്ലാദേശിലെ മ്യാന്മർ അഭയാർത്ഥി ക്യാമ്പിലെ അ​ഗ്നിബാധയിൽ എല്ലാം നഷ്ടമായി ഇനിയെന്ത് ചെയ്യണമെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് പതിനായിരങ്ങൾ. കോക്​സ്​ ബസാറിൽ അഭയാർഥികൾ തിങ്ങിത്താമസിച്ച ക്യാമ്പുകളിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അഗ്​നിബാധയിൽ 15 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. നൂറുകണക്കിന്​ പേർക്ക്​ പൊള്ളലേൽക്കുകയും ചെയ്​തിരുന്നു.

ഏഴു ലക്ഷം പേരാണ്​ കോക്​സ്​ ബസാറിലെ ക്യാമ്പുകളിലുള്ളത്​. പലഘട്ടങ്ങളിലായി അഗ്​നിയെടുത്ത ഇവിടെ അവശേഷിച്ച ക്യാമ്പുകൾ കൂടി വെണ്ണീറായതോടെ ഇനിയെന്തു ചെയ്യുമെന്നതാണ്​ അഭയാർഥികൾ നേരിടുന്ന വലിയ ചോദ്യം. വീടു നഷ്​ടമായ പതിനായിരങ്ങൾ ഇനിയെന്തു ചെയ്യുമെന്നറിയാതെ കാത്തിരിക്കുന്നതാണ്​ ഏറ്റവും വലിയ പ്രതിസന്ധി. ഉള്ളതെല്ലാം അഗ്​നിയെടുത്തതോടെ അന്തിയുറങ്ങാൻ പോലും വഴിയടഞ്ഞ ദാരുണ അവസ്​ഥ അവരെ തുറിച്ചുനോക്കുന്നു. ശക്​തമായ കാറ്റും ചൂടുപിടിച്ച്​ പൊട്ടിത്തെറിച്ച ഗസ്സ്​ സിലിണ്ടറുകളും കൂടിയായതോടെ ക്യാമ്പുകളിലേറെയും അതിവേഗം നശിച്ചു. പകരം ബംഗ്ലാദേശ്​ റെഡ്​ ക്രസൻറ്​ സൊസൈറ്റിയുടെ സഹായത്തോടെ സ്​ഥാപിച്ച 800 തമ്പുകളിൽ കുറെ പേർ അഭയം തേടിയിട്ടുണ്ട്​.

വെള്ളിയാഴ്ചയോടെ കുറെ പേർ മുളയും ടാർപോളിനും സ്വന്തമാക്കി പഴയ താത്​കാലിക വീടുകൾ വീണ്ടും നിർമ്മാണം തുടങ്ങിയിട്ടുണ്ട്​. സഹായവുമായി രാജ്യാന്തര സംഘടനകളും രംഗത്തുണ്ട്​. സുരക്ഷ സംവിധാനങ്ങൾ തീരെയില്ലാത്ത ക്യാമ്പുകളിൽ അഗ്​നി പടരുക അതിവേഗമാണ്​. സുരക്ഷാസേനക്ക്​ അവശ്യ സേവനങ്ങളുമായി എത്തുക പ്രയാസവും.