തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്കും കടലാക്രമണത്തിനും ശമനം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്നു ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു. കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരിയ തോതിൽ മഴ തുടരുന്നുണ്ട്.

ഇനി മൺസൂൺ തുടങ്ങുന്നതു വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലെ മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച വടക്കൻ ജില്ലകളിൽ പക്ഷേ നിരവധി കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിൽ തുടരുകയാണ്. കടൽഭിത്തിയും റോഡും കുടിവെള്ള പൈപ്പുകളും തകർന്ന കോഴിക്കോട് അഴീക്കൽ പഞ്ചായത്തിൽ അറ്റകുറ്റപ്പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

കാസർകോട് ജില്ലയിൽ പലയിടത്തും നേരിയ തോതിൽ മഴ തുടരുന്നുണ്ട്. നീലേശ്വരം തൈക്കടപ്പുറം, ചേരങ്കൈ, ഷിറിയ തുടങ്ങിയ പ്രദേശങ്ങളിൽ കടലാക്രമണത്തിന്റെ ശക്തി കുറഞ്ഞു. ജില്ലയിൽ മഴയിലും കടലാക്രമണത്തിലും 10 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു.

കണ്ണൂർ ജില്ലയിലും നേരിയ തോതിൽ മഴയുണ്ട്. തലശ്ശേരി താലൂക്കിൽ കടൽക്ഷോഭത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച 55 കുടുംബങ്ങൾ ക്യാംപുകളിൽ തുടരുകയാണ്. ധർമ്മടം, കതിരൂർ, കോടിയേരി, പാനൂർ, പെരിങ്ങളം, തൃപ്രങ്ങോട്ടൂർ, ബേക്കളം, ചെറുവാഞ്ചേരി പ്രദേശങ്ങളിലാണ് വീടുകൾക്ക് ഏറ്റവുമധികം നാശമുണ്ടായത്.

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും അന്തരീക്ഷം ശാന്തമാണ്. എറണാകുളത്ത് ഇന്നലെ രാത്രിയോടെ മഴ ശമിച്ചു. കടൽക്ഷോഭം കുറഞ്ഞതോടെ ചെല്ലാനത്തെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങി. കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച കണക്കുകൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നു. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ എട്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്.