മധുര: വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണം മറികടക്കാൻ വിവാഹം ആകാശത്ത് വച്ച് നടത്തിയിരിക്കുകയാണ് തമിഴ്‌നാട് മധുരയിലെ ഒരു കുടുംബം. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതു മറികടക്കാൻ വേണ്ടിയാണ് കല്യാണം ആകാശത്ത് വച്ച് നടത്താൻ അവർ തീരുമാനിച്ചത്. പക്ഷെ അവർ സ്വീകരിച്ച മാർഗം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് അവർ വിവാഹം നടത്തിയതെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങൾ.

വിവാഹത്തിനായി ഒരു വിമാനം ചാർട്ടർ ചെയ്തു. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഈ വിവാഹ ഫ്‌ളൈറ്റ് മധുര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ 161 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. മീനാക്ഷി അമ്മൻ ക്ഷേത്രത്തിനു മുകളിലെത്തിയപ്പോൾ താലികെട്ട്. രണ്ടു മണിക്കൂറോളം ആകാശത്ത് പറന്നശേഷം വിമാനം ബെംഗളൂരുവിൽ പറന്നിറങ്ങി. അതിനുശേഷം തിരികെ മധുരയിലേക്ക്.

ഇവരുടെ വിവാഹ വിഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വിചിത്രമായ ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും വിമാന കമ്പനി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സുജിത് കുമാർ പറഞ്ഞു. വിവാഹത്തിന് 50 പേരിൽ കൂടുതൽ പാടില്ല എന്നാണു തമിഴ്‌നാട് സർക്കാരിന്റെ നിർദ്ദേശം.

ചാർട്ടേഡ് വിമാനത്തിന് അനുമതി നൽകിയെങ്കിലും ഈ ആകാശ വിവാഹത്തെക്കുറിച്ച് അധികൃതർക്ക് അറിവുണ്ടായിരുന്നില്ലെന്ന് എയർപോർട്ട് ഡയറക്ടർ എസ്.സെന്തിൽ വളവൻ അറിയിച്ചു. വിവാഹത്തിൽ പങ്കെടുത്തവരെല്ലാം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കേറ്റുമായാണ് എത്തിയതെന്ന് വരനും വധുവും പറയുന്നു.