ലക്നൗ: 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തർപ്രദേശ് സർക്കാർ. ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കർ അടക്കമുള്ളവർ‌ക്ക് എതിരെയാണു നടപടി. ഹത്രസിൽ ദലിത് യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഹത്രാസ് പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്‌സ്‌കർ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

'പകുതി മാധ്യമപ്രവർത്തകർ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവർ നാളെ ഇവിടം വിടും. പിന്നെ ഞങ്ങൾ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കത് മാറ്റാൻ കഴിയും.' - പെൺകുട്ടിയുടെ പിതാവിനോട് പ്രവീൺ പറഞ്ഞ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ജില്ലാ മജിസ്ട്രേറ്റിനെതിരെ സർക്കാർ നടപടിയെടുക്കാതെ കേസിൽ നീതിപൂർവമായ അന്വേഷണം നടക്കുന്നത് എങ്ങനെയെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ലക്നൗ ബെഞ്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ പരാമർശത്തിന് ആഴ്ചകൾക്കു ശേഷമാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. പ്രവീൺ കുമാർ ലക്സ്കറിനെ മിർസാപുരിലേക്കാണു മാറ്റിയത്. യുപി ജൽ നിഗം അഡിഷനൽ എംഡി രമേഷ് രഞ്ജനാണു പകരം നിയമനം. ഉയർന്ന ജാതിയിൽപ്പെട്ട നാലു യുവാക്കൾ ക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്നു ദലിത് യുവതി മരണപ്പെട്ടതോടെയാണു ലക്സ്കർ വിവാദത്തിലായത്. ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച യുവതിയുടെ മൃതദേഹം അർധരാത്രിയിൽ ബലമായി ജില്ലാ ഭരണകൂടം സംസ്കരിച്ചതു പ്രതിഷേധ കൊടുങ്കാറ്റുയർത്തി.

അന്ത്യകർമങ്ങൾക്കുപോലും അനുവദിക്കാതെയാണു ജില്ലാ ഭരണകൂടം മൃതദേഹം ധൃതിപിടിച്ചു സംസ്കരിച്ചതെന്നു കുടുംബം ആരോപിച്ചു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനെതിരെ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുത്തില്ലെന്നു നവംബറിലാണു കോടതി വിമർശിച്ചത്. ഗൊണ്ട ജില്ലാ മജിസ്ട്രേറ്റ്, നോയിഡ അഡിഷനൽ സിഇഒ, ഫത്തേപുർ ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയവരും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്. ഹത്രസ് പീഡനത്തെ തുടർന്നു യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങളാണു രാജ്യത്തു നടന്നത്.