കൊൽക്കത്ത/ഗുവാഹത്തി: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബൂത്തുകൾക്കു മുന്നിൽ രാവിലെ മുതൽ തന്നെ നീണ്ടനിര തുടരുകയാണ്. ഒരുമണിവരെ ബംഗാളിൽ 40.79 ശതമാനവും അസമിൽ 37.06 ശതമാനവും പോളിങ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ബംഗാളിൽ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ അക്രമം അരങ്ങേറി. തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ വാഹനത്തിനു നേരെ കൊണ്ടയിൽവച്ച് ആക്രമണമുണ്ടായി. കാറിന്റെ ചില്ലുകൾ തകർത്തു. ഡ്രൈവറെ തല്ലിച്ചതച്ചുവെന്നും സുവേന്ദു അധികാരിക്ക് പരുക്കേറ്റിട്ടിട്ടില്ലെന്നും സഹോദരൻ സൗമേന്ദു അധികാരി പറഞ്ഞു.

മൂന്നു പോളിങ് ബൂത്തുകളിൽ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാം കോവിന്ദ് ദാസിന്റെയും ഭാര്യയുടെയും നേതൃത്വത്തിൽ തട്ടിപ്പു നടക്കുകയായിരുന്നു. താൻ ഇവിടെ എത്തിയതിനാൽ അവരുടെ കൃത്രിമത്വം തടസ്സപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് വാഹനം തല്ലിത്തകർത്തതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.

കിഴക്കൻ മിഡ്‌നാപൂരിൽ വെടിവയ്‌പ്പുണ്ടായി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഝാർഗ്രാമിൽ സിപിഎം സ്ഥാനാർത്ഥി സുശാന്ത് ഷോഘിന്റെ ആക്രമിച്ച് കാർ തകർത്തു. പുരുലിയയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. പടിഞ്ഞാറൻ മിഡ്‌നാപുരിൽ തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ബെഗുംപുരിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. കിഴക്കൻ മിഡ്‌നാപുരിൽ വെടിവയ്‌പ്പുണ്ടായതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

ബംഗാളിലെ ചില ഗ്രാമീണ മേഖലകളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി ബിജെപിയുടെ പശ്ചിമ മിഡ്‌നാപുർ സ്ഥാനാർത്ഥി സാമിത് ദാസ് ആരോപിച്ചു. ബൂത്തിലേക്കു പോകുന്നതിനിടെ ജാഗരമിലെ സൽബോനി മേഖലയിൽവച്ച് തനിക്കെതിരെ അതിക്രമമുണ്ടായെന്ന് സിപിഎം സ്ഥാനാർത്ഥി സുശാന്ത ഘോഷും പറഞ്ഞു.

എല്ലാവരും ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ എന്നിവർ അഭ്യർത്ഥിച്ചു. വോട്ടെടുപ്പ് ആംഭിച്ച രാവിലെ ഏഴു മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് ഇരു സംസ്ഥാനങ്ങളിലും ബൂത്തുകൾക്കു മുന്നിലുള്ളത്. ബംഗാളിൽ വൈകിട്ട് 6.30 വരെയും അസമിൽ ആറുവരെയുമാണ് പോളിങ്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്.