കൊൽക്കത്ത: പശ്ചിമബംഗാളിലെ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ സിപിഎം സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. സാൽബോണി നിയോജകമണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായ സുശാന്ത ഘോഷാണ് ആക്രമണത്തിന് ഇരയായത്. സുശാന്ത ഘോഷിനെ അജ്ഞാതരായ അക്രമികൾ മർദ്ദിക്കുകയായിരുന്നു. ഘോഷിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ആക്രമികൾ രക്ഷപ്പെടുകയും ചെയ്തു.

ഇന്ന് രാവിലെയാണ് പശ്ചിമബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 30 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ 7 ന് ആരംഭിച്ച പോളിങ് വൈകുന്നേരം 6: 30 ന് സമാപിക്കും

ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയിൽ തന്നെ വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി മമത ബാനർജി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയരീതിയിലുള്ള വാക്പ്പോരാണ് നടന്നത്.