മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ ആര്യൻ ഖാന് വീണ്ടും ജാമ്യം നിഷേധിച്ചത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ ഉയർത്തിയ ശക്തമായ വാദങ്ങളെ തുടർന്ന്. ആര്യനെതിരെ ര ശക്തമായ തെളിവുകളുണ്ടെന്ന് എൻസിബി കോടതിയെ അറിയിക്കുകയായിരുന്നു.

ആര്യൻ ലഹരി ഇടപാടുകളിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ചാറ്റ് ചെയ്തുവെന്നും എൻ.സി.ബി സംഘം കോടതിയെ അറിയിച്ചു. കോടതിയിൽ ആര്യന്റെ ജാമ്യാപേക്ഷയെ എതിർത്താണ് എൻ.സി.ബി ശക്തമായ വാദങ്ങൾ നിരത്തിയത്. കേസിൽ ബോളിവുഡിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളാനുള്ള സാധ്യതയാണ് ആര്യൻ പുതുമുഖ നായികയുമായി ചാറ്റ് ചെയ്തുവെന്ന് കോടതിയെ അറിയിച്ചതിലൂടെ എൻ.സി.ബി വ്യക്തമാക്കുന്നത്.

കഴിഞ്ഞ 13 ദിവസമായി ജയിലിൽ കഴിയുന്ന ആര്യനെ ഒരു കാരണവശാലും കേസിൽ ജാമ്യം നൽകി പുറത്തുവിടരുതെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ആര്യൻ പുറത്തിറങ്ങിയാൽ അത് അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നാണ് എൻ.സി.ബി ഉന്നയിക്കുന്ന പ്രധാന വാദം.

കേസന്വേഷണം ഇതുവരെ ബോളിവുഡിലേക്ക് വ്യാപിപ്പിച്ചിരുന്നില്ല. ഒരു നിർമ്മാതാവിനെ മാത്രമാണ് ആഡംബരക്കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തത്. പുതുമുഖ നായിക ആരാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻ.സി.ബി വ്യക്തമാക്കിയിട്ടില്ല. എന്തായാലും ആര്യൻ ഖാന് ജാമ്യം നിഷേധിക്കുന്നതരത്തിലുള്ള തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കിയാണ് എൻ.സി.ബി നീങ്ങിയത്. വരും ദിവസങ്ങളിൽ ബോളിവുഡിൽ കൂടുതൽ ചോദ്യം ചെയ്യലുകളുണ്ടാകാനാണ് സാധ്യത.

ആര്യൻ ഖാന് ലഹരി ഇടപാടുകളിൽ നേരിട്ട് പങ്കുണ്ടെന്നും വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് എൻ.സി.ബി വാദിക്കുന്നത്. ലഹരി ഇടപാടുകൾ സംബന്ധിച്ച് നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് താരപുത്രന് വിനയായത്. അതേസമയം ആര്യൻ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നൽകി ജാമ്യം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അഭിഭാഷകൻ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആര്യന്റെ അഭിഭാഷകൻ.

ഒക്ടോബർ രണ്ടാം തീയതിയാണ് മുംബൈ തീരത്തെത്തിയ ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ആര്യൻ ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബർ ഏഴ് വരെ എൻ.സി.ബി കസ്റ്റഡിയിലായിരുന്ന ആര്യനെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിടുകയായിരുന്നു. കഴിഞ്ഞ 13 ദിവസമായി മുംബൈ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 7 നാണ് ആര്യൻ ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇപ്പോൾ മുംബൈയിലെ ആർതർ ജയിലിലാണ് ആര്യൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യൻ കഴിക്കുന്നില്ലെന്നും, ജയിൽ കാന്റീനിലെ ബിസ്‌ക്കറ്റും പുറത്ത് നിന്നും കൊണ്ടു പോയ വെള്ളവും മാത്രമാണ് ഭക്ഷണമെന്നും പറയുന്നു. ഇപ്പോൾ സാധാരണക്കാരുടെ സെല്ലിലാണ് ആര്യൻ ഖാൻ. വൃത്തിക്കുറവുള്ളതിനാൽ ജയിലിലെ ടോയ് ലറ്റ് ഉപോയിഗ്ക്കാതിരിക്കാനാണ് ഭക്ഷണ നിയന്ത്രണങ്ങൾ എന്ന് പറയുന്നു. നേരത്തേ, എൻസിബി കസ്റ്റഡിയിലിരിക്കെ കൗൺസിലിങ് നൽകിയിരുന്നു. അച്ഛന് അഭിമാനിക്കാവുന്ന കാര്യങ്ങൾ ചെയ്യുമെന്നും ആര്യൻ ഖാൻ പിതാവ് ഷാരൂഖ് ഖാന് ഉറപ്പുനൽകിയതായും പറയുന്നു.