ലക്‌നൗ: ഉത്തർപ്രദേശിൽ അദ്ധ്യാപക യോഗ്യത പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ചോർന്നു. അടുത്ത മാസം നടക്കാനിരുന്ന പരീക്ഷ, ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സർക്കാർ റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സർക്കാറിനു കീഴിലുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ അദ്ധ്യാപകരാകാൻ സംസ്ഥാനതല ഉത്തർപ്രദേശ് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ (യു.പി.ടി.ഇ.ടി) യോഗ്യത നേടണം. ചോദ്യ പേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കും. സംഭവത്തിൽ കേസെടുക്കാനും അന്വേഷണം ഉത്തർപ്രദേശ് സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന് കൈമാറിയെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.