ന്യൂഡൽഹി: കർഷക സമരത്തെ രാഷ്ട്രീയ മുതലെടുപ്പിന് അനുവ​ദിക്കില്ലെന്ന് കർഷകർ. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ വേദിയിൽ സ്ഥാനമില്ലെന്ന് കർഷക സംഘടനയായ ബി കെ യു(ഭാരതീയ കിസാൻ യൂണിയൻ) ക്രാന്തികാരി വ്യക്തമാക്കി. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഒഴിച്ച് സമരത്തെ പിന്തുണയ്ക്കുന്നവർക്ക് മാത്രമാകും കർഷക പ്രക്ഷോഭത്തിന്റെ സ്റ്റേജുകളിൽ സ്ഥാനം ലഭിക്കുക. കോൺ​ഗ്രസ്, എഎപി മുതലായ രാഷ്ട്രീയ പാർട്ടികൾക്ക് സ്റ്റേജ് നൽകില്ലെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അതേസമയം, ഡൽഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.  

ഭരണപക്ഷത്തുള്ളവരെയും പ്രതിപക്ഷത്തുള്ളവരെയും ഒരുപോലെ അകറ്റി നിർത്തുകയാണ് കർഷകർ. ' രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് ഞങ്ങളുടെ സ്റ്റേജുകളിൽ സംസാരിക്കാൻ അവസരം നൽകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അത് കോൺഗ്രസ് ആയാലും എഎപി ആയാലും മറ്റ് ഏതെങ്കിലും കക്ഷി ആയാലും. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഒഴിച്ച് ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റു സംഘടനകൾക്ക് അവസരം നൽകും'- ബികെയു ക്രാന്തികാരി പഞ്ചാബ് പ്രസിഡന്റ് സുർജിത് ഫുലെ പറഞ്ഞു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും എഎപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നതിന് പിന്നാലെയാണ് സംഘടനയുടെ പ്രതികരണം വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തുവന്നിരുന്നു.

അതിനിടെ, ബുറാഡിയിലെ മൈതാനത്തേക്ക് സമരം മാറ്റിയാൽ ചർച്ച എന്ന കേന്ദ്ര സർക്കാരിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ കർഷകർ തള്ളി. ഡൽ​ഹി അതിർത്തികളിൽ നിന്ന് ബുറാഡിയിലേക്ക് സമരം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശമാണ് കർഷകർ തള്ളിയത്. അതിർത്തികളിൽ തന്നെ പ്രക്ഷോഭം തുടരും. ഉപാധികളില്ലാതെ മാത്രം സർക്കാരുമായി ചർച്ച എന്ന തീരുമാനത്തിലൂടെ കർഷകരും നിലപാട് കടുപ്പിക്കുകയാണ്. ഡൽ​ഹി അതിർത്തികളിലൂടെയുള്ള ചരക്ക് നീക്കം നാലാം ദിവസവും സ്തംഭിച്ചു. രണ്ടര ലക്ഷത്തോളം കർഷകരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്.

അമൃത്സറിൽ നിന്ന് ഗ്രാമീണ വഴിയിലൂടെ അതിർത്തി കടന്ന ഒരു സംഘം കർഷകർ വൈകീട്ടോടെ ഡൽഹി-ഹരിയാന അതിർത്തിയിൽ നിലയുറപ്പിച്ച പൊലീസ് സന്നാഹത്തെ തന്നെ വളഞ്ഞു. കർഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷാ പ്രതികരിച്ചു.

ഉപാധികളോടെയുള്ള ചർച്ചയ്ക്ക് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ച് 30 കർഷക സംഘടനകളാണ് അമിത് ഷായുടെ നിർദ്ദേശം തള്ളിയത്. ഇതിന് പുറമേ കാർഷിക പരിഷ്‌കരണങ്ങളെ ന്യായീകരിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകിബാത്തും കർഷകരുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ. കാർഷിക കരട് നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. കർഷകർ ശാക്തീകരിക്കപ്പെടുകയാണ്. അവർക്കായി നിരവധി വാതിലുകൾ തുറക്കുന്നു. പുതിയ അവകാശങ്ങൾ അവർക്ക് ലഭിക്കുന്നു. അവർ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങൾ വിൽക്കാനാകും. വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി വിശദികരിച്ചു. കർഷകർക്ക് അവരുടെ പരാതികൾ സബ്ഡിവിഷണൽ മജിസ്‌ട്രേട്ടിനെ അറിയിക്കാമെന്ന് നരേന്ദ്ര മോദി അറിയിച്ചു. ഉത്പന്നങ്ങൾക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച് കർഷകരും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്‌നത്തിന് പരിഹാരം എന്തെന്ന് വ്യക്തമാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കർഷക സംഘടനകൾ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളുടെകാര്യത്തിൽ ആശയവ്യക്തതയുണ്ടെന്നും അഖിലേന്ത്യ കിസാൻ സംഘർഷ് കമ്മിറ്റി പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നത് കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെങ്കിൽ ഉപാധികൾ വയ്ക്കുന്നത് അവസാനിപ്പിക്കണം. പുതിയ കർഷക നിയമത്തിന്റെ ആനുകൂല്യങ്ങളെ കുറിച്ച് വിശദീകരിക്കലാണ് ചർച്ചയെന്ന് കരുതുന്നത് അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല 32 കർഷക യൂണിയനുകളെ ഉപാധികളോടെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഉപാധിവച്ചുകൊണ്ടുള്ള ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്നാണ് കർഷർ പറയുന്നത്. ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം നിറവേറ്റാതെ ജീവൻപോയാലും പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. കേന്ദ്രവുമായുള്ള ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ തങ്ങൾ ചർച്ചചെയ്യുമെന്നാണ് പഞ്ചാബ് കിസാൻ യൂണിയൻ സംസ്ഥാന പ്രസിഡന്റ് റുൽദു സിങ് പറയുന്നത്. ചർച്ചയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചാൽ മാത്രമേ പങ്കെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്കൊപ്പം വൈദ്യുത ഭേദഗതി ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷകർ നിരങ്കരി മൈതാനത്തേക്ക് മാറണമെന്ന സർക്കാരിന്റെ ആവശ്യം മാനിച്ച് ഒരുവിഭാഗം അങ്ങോട്ടേക്ക് മാറിയിരുന്നു. എന്നാൽ ഒരു വലിയ വിഭാഗം കർഷകർ ഹരിയാന-ഡൽഹി അതിർത്തിയായ സിംഗും, തിക്രി എന്നിവിടങ്ങളിൽ തന്നെ തുടരുകയാണ്. ജന്തർ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാൻ അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. അതുവരെ അതിർത്തിയിൽ തന്നെ തുടരുമെന്നും കർഷകർ അറിയിച്ചു. രാജ്യത്തിന്റെ പലഭാഗത്തുനിന്നും കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്.

.അതിനിടെ, കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരിൽ ഹരിയാനയിലെ കർഷകർ പെടില്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞതിനെതിരെ ഹരിയാനയിലെ കർഷകർ രംഗത്തെത്തി. തിരിച്ചറിയൽ രേഖ കാണിച്ചുകൊണ്ടാണ് അവർ മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്. 'ഖട്ടർ ജി, ഹരിയാനയിൽ നിന്നുള്ള കർഷകനായ എന്റെ തരിച്ചറിയൽ രേഖയാണിത്. വേണമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കാം. ഹരിയാനക്കാരല്ലെങ്കിൽ പിന്നെ ഞങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാരണോ എന്നാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഹരിയാന സ്വദേശിയായ നരേന്ദർ സിങ് ചോദിക്കുന്നത്. കർഷക മാർച്ചിനെ ഹരിയാന സർക്കാർ ഭീകരമായ നേരിട്ടതിനെ വിമർശിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിന് പിന്നിൽ പഞ്ചാബ് മുഖ്യമന്ത്രിയാണെന്നാണ് മനോഹർലാൽ ഖട്ടർ ആരോപിക്കുന്നത്.