ന്യൂയോർക്ക്: ലേലത്തിൽ വെച്ച 250 വർഷം പഴക്കമുള്ള വിസ്‌കിക്ക് ലഭിച്ചത് 1,37,000 ഡോളർ( ഏകദേശം ഒരു കോടി രൂപ). പ്രതീക്ഷിച്ചിരുന്നതിലും ആറിരട്ടി തുകയാണ് ഇതിന് ലഭിച്ചത്. 1762 നും 1802 നും ഇടയിൽ നിർമ്മിച്ചിരിക്കുന്ന ഈ വിസ്‌കി ബോട്ടിലിങ് ചെയ്തിരിക്കുന്നത് 1860 ലാണ്. 1865 ന് മുൻപ് നിർമ്മിച്ച ഈ വിസ്‌കി ജോൺ പിയർപോയിന്റ് മോർഗന്റെ എസ്റ്റേറ്റിൽ നിന്നാണ് ലഭിച്ചതെന്ന് ലേലത്തിന് സമർപ്പിക്കുന്ന വിശദാംശങ്ങളിൽ പറയുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഇത് കണ്ടുകിട്ടിയത്.

ഏകദേശം 20,000 ഡോളറിനും 40,000 ഡോളറിനും ഇടയിൽ ഇതിനു വില ലഭിക്കുമെന്നായിരുന്നു ഇത് ലേലത്തിൽ വെച്ചസ്‌കിന്നർ ഐ എൻ സി പ്രതീക്ഷിച്ചത്. 750 മില്ലീലിറ്റർ വിസ്‌കിയാണ് 1860 കളിൽ ഇവാൻസ് ആൻഡ് റാഗ്ലാണ്ട് ബോട്ടിൽ ചെയ്ത ഈ കുപ്പിയിൽ ഉണ്ടായിരുന്നത്. മോർഗന്റെ സെല്ലാറിൽ സൂക്ഷിച്ചിരുന്ന മൂന്ന് കുപ്പി വിസ്‌കികളിൽ ഇപ്പോൾ ഉള്ളത് ഇത് ഒരെണ്ണം മാത്രമാണെന്നാണ് കരുതുന്നത്. കുപ്പി തുറക്കാതെയിരുന്നാൽ 10 വർഷം വരെയൊക്കെ വിസ്‌കി കേടുകൂടാതെയിരിക്കും. എന്നാൽ, 250 വർഷം പഴക്കമുള്ള വിസ്‌കി കുടിക്കാൻ കഴിയുന്ന അവസ്ഥയിലാണോ എന്ന് വ്യക്തമല്ല.

യുദ്ധത്തിൽ നശിച്ച ഒരു ഡിസ്റ്റിലറിയിലല്ല ഈ വിസ്‌കി ബോട്ടിൽ ചെയ്തിരിക്കുന്നത്, മറിച്ച് ഒരു ജനറൽ സ്റ്റോറിലാണ്. ഇത്തരത്തിൽ തന്നെയാണ് സ്‌കോട്ടിഷ് വിസ്‌കിയായ ജോണി വാക്കറിന്റെയും ആരംഭം. 1900 ത്തിൽ ജോർജ്ജിയയിലേക്കുള്ള യാത്രയിൽ മോർഗൻ ഈ വിസ്‌കി വാങ്ങി എന്നാണ് കരുതപ്പെടുന്നത്. 1942 നും 44 നും ഇടയിൽ ഇതിലൊരെണ്ണം അന്നത്തെ തെക്കൻ കാലിഫോർണീയ ഗവർണറായിരുന്ന ജെയിംസ് ബൈണേഴ്സിന് മോർഗന്റെ പുത്രനായ ജാക്ക് മോർഗൻ സമ്മാനിച്ചു.

ഏതാണ്ട് ഇതേ സമയത്തുതന്നെ മറ്റു രണ്ട് കുപ്പികൾ അമേരിക്കയുടെ മുൻ പ്രസിഡണ്ടുമാരായാ ഹാരി ട്രൂമാനും ഫ്രാങ്ക്ലിൻ റൂസ്വെല്റ്റിനും സമ്മാനിച്ചു. കുപ്പി തുറന്ന് വിസ്‌കി കഴിക്കാതെ സൂക്ഷിച്ച ബൈണേഴ്സ് 1955-ൽ ഗവർണർ സ്ഥാനത്തുനിന്നും മാറിയപ്പോൾ ഈ കുപ്പി ഇംഗ്ലീഷ് നേവൽ ഓഫീസറായിരുന്ന ഫ്രാൻസിസ് ഡ്രേക്കിന് സമ്മാനിച്ചു. സ്‌കോച്ച് മാത്രം കുടിക്കുന്ന ഒരു കുടുംബമായതിനാൽ ഡ്രേക്കിന്റെ കുടുംബം മൂന്നു തലമുറകളോളം ഇത് ഉപയോഗിക്കാതെ സൂക്ഷിച്ചു.

ഫ്രാൻസിസ് ഡ്രേക്കിന്റെ മകനായ ലോഗൻ ഡ്രേക്കിന്റെ അനന്തിരവൻ റെക്സ് വൂൾബ്രൈറ്റ് ഇതിന്റെ മൂല്യം മനസ്സിലാക്കി വർഷങ്ങൾക്ക് ശേഷം ഇത് വിൽക്കുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ജോർജ്ജിയയിൽ നടത്തിയ കാർബൺ ഡേറ്റിംഗിലൂടെയാണ് ഇത് നിർമ്മിച്ചത് 1762 നും 1802 നും ഇടയിലാണെന്ന് കണ്ടെത്തിയത്. ഈ കാലഘട്ടങ്ങളിൽ വിസ്‌കി നിർമ്മിച്ചതിനുശേഷം ഓക്ക് വൃക്ഷത്തടി കൊണ്ടുണ്ടാക്കിയ ബാരലുകളിൽ ഏറെ വർഷങ്ങൾ സൂക്ഷിച്ചതിനു ശേഷം മാത്രമായിരുന്നു കുപ്പികളിൽ നിറച്ചിരുന്നത്.