യുണൈറ്റഡ് നേഷൻസ്: കോവിഡ് എന്ന വൈറസ് രോഗം ലോകത്തെ 2020 എന്ന വർഷത്തിന് ദുരിതം മാത്രം സമ്മാനിച്ചാണ് മടങ്ങാൻ ഒരുങ്ങുന്നത്. ലോകത്തിന്റെ സാമ്പത്തിക രംഗത്തെ അടിമുടി തകരാറിൽ ആക്കിയ കോവിഡ് ദുരന്തത്തിന് അടുത്തവർഷം അവസാനമാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അത്തരം പ്രതീക്ഷകൾക്കിടെ ലോകത്തിന് തന്നെ ആശ്വാസം പകരുന്ന വാക്കുകളുമായി ലോകാരോഗ്യ സംഘടനാ മേധാവി രംഗത്തെത്തി.

വാക്സിൻ പരീക്ഷണങ്ങൾ അനുകൂലഫലം നൽകിത്തുടങ്ങിയതിനാൽ കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് സ്വപ്നം കാണാനാരംഭിക്കാമെന്ന് തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു. അതേസമയം വാക്സിനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും തെദ്രോസ് അദനോം ഓർമ്മിപ്പിച്ചു.

'വൈറസിനെ നമുക്ക് എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ് കാലം നമുക്ക് കാണിച്ചു തന്നു. സഹാനുഭൂതിയും നിസ്വാർഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവർത്തികളും, ഗവേഷണങ്ങളുടേയും പുത്തൻ ആവിഷ്‌കാരങ്ങളുടേയും അദ്ഭുതാവഹമായ നേട്ടങ്ങളും കോവിഡ് കാലത്തുണ്ടായി എന്നാൽ അതോടൊപ്പം തന്നെ സ്വാർഥതാത്പര്യങ്ങളുടേയും പഴിചാരലുകളേയും ഭിന്നതയുടേയും കാഴ്ചകളും നാം കണ്ടു'. തെദ്രോസ് അദനോം പറഞ്ഞു.

'ഗൂഢാലോചനയുടെ തന്ത്രങ്ങൾ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യദാർഢ്യത്തെ തകർത്ത, സ്വർഥതാത്പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളിൽ വൈറസ് കൂടുതൽ ശക്തി പ്രാപിക്കുകയും വ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു'. പ്രത്യേകമായി പേര് എടുത്തു പറയാതെ രോഗവ്യാപനവും മരണസംഖ്യയും വർധിക്കുന്ന രാജ്യങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു.

കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ് അദനോം ആവശ്യപ്പെട്ടു. സ്വകാര്യസ്വത്തായി കാണാതെ വാക്സിൻ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയിൽ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോവിഡ് പ്രതിസന്ധിയുടെ പരിസമാപ്തിയിലേക്കാണ് നാം നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ 90 ശതമാനം ഫലസിദ്ധി തെളിയിച്ച, ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകികൊണ്ട് ബ്രിട്ടനാലാണ് ലോകത്തിന് കോവിഡിനെതിരെ പൊരുതാമെന്ന ആദ്യ പ്രതീക്ഷ നൽകിയത്. അടുത്തയാഴ്ച മുതൽ വാക്സീൻ ഉപയോഗിച്ചു തുടങ്ങാനിരിക്കയാണ്. കോവിഡ് വാക്സീൻ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടൻ. വാക്സിൻ വിതരണത്തിനായി ഒരുങ്ങാൻ ആശുപത്രികൾക്കു നിർദ്ദേശം നൽകിയിരുന്നു.

മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്‌സീൻ നൽകണമെന്നത് സംബന്ധിച്ച് വാക്‌സീൻ കമ്മിറ്റി തീരുമാനമെടുക്കും. വാക്‌സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസർ പ്രതികരിച്ചു. വാക്‌സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്‌സീന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി.

വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.