ന്യൂഡൽഹി: ലോകത്തിന്റെ വാക്‌സീൻ വിപണിയും ഫാർമസിയുമായി അറിയപ്പെടുന്ന ഇന്ത്യ, സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത 'ആത്മനിർഭർ വാക്‌സീന്' ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്‌സീൻ കോവാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസ്സിനു മുകളിലുള്ളവർക്ക് കോവാക്സീൻ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പാണ് കോവാക്‌സീന്റെ എമർജൻസി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.

ഏപ്രിൽ 19നാണ് അനുമതിക്കായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത്. യുഎസ് വാക്‌സീനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സീനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. ചൈനയുടെ തദ്ദേശീയ വാക്‌സീന് പോലും അംഗീകാരം നൽകിയിട്ടും കോവാക്‌സിന് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.

പൂർണ്ണമായും ഇന്ത്യൻ നിർമ്മിതിയായ കോവാക്സിൻ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് ഉത്പാദിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്സിൻ എടുത്തവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും.

നിലവിൽ വിദേശത്തേക്ക് പോകുന്നവർ ഓക്സ്ഫഡ് സർവലാശാല ഉത്പാദിപ്പിച്ച കോവിഷീൽഡ് വാക്സിൻ എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡിന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.

ഏപ്രിൽ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത്. വാക്‌സിൻ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതൽ രേഖകൾ ഹാജരാക്കിയിരുന്നു. ബുധനാഴ്ച സംഘടനയുടെ ഉപദേശക സമിതി യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷമാണ് കോവാക്‌സിനുള്ള അടിയന്തര ഉപയോഗത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ നേരത്തെ തന്നെ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരമുണ്ടായിരുന്നില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്‌സിന് ലഭിച്ചത് കോവാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മറ്റ് രാജ്യങ്ങളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുന്നതിന് സഹായിക്കും.